കുവൈത്ത് സിറ്റി: അജ്ഞാത ഫോൺ കാളുകൾ ഇനി എളുപ്പത്തിൽ തിരിച്ചറിയാം. വിളിക്കുന്നവരുടെ പേരും നമ്പറും കാണാനാകുന്ന ‘ഡിറ്റക്ടർ’ സേവനം രാജ്യത്ത് ആരംഭിച്ചു. കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) ഈ സേവനം ഔദ്യോഗികമായി ആരംഭിച്ചു.
സ്വീകർത്താക്കൾക്ക് വിളിക്കുന്നവരുടെ വിവരങ്ങൾ ലഭ്യമാകുന്നതോടെ സുതാര്യത വർധിപ്പിക്കുകയും തട്ടിപ്പ് ശ്രമങ്ങളെ തിരിച്ചറിയാനും കഴിയും. പ്രാദേശിക ടെലികോം ദാതാക്കളുമായും ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായും സഹകരിച്ച് വികസിപ്പിച്ച ഈ സേവനം കുവൈത്തിലെ നിയമപരമായ സ്ഥാപനങ്ങൾക്കാണ് നിലവിൽ ലഭ്യമാക്കിയിരിക്കുന്നത്.
സർക്കാർ സ്ഥാപനങ്ങളിൽ നിന്നും സ്വകാര്യ കമ്പനികളിൽ നിന്നുമുള്ള കാളുകൾ തിരിച്ചറിയാനും പരിശോധിക്കാനും പുതിയ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും. രാജ്യത്തെ ടെലികമ്യൂണിക്കേഷൻ നെറ്റ്വർക്കുകളിൽ സുരക്ഷയും ഉപയോക്തൃ വിശ്വാസവും മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന ചുവടുവെപ്പായാണ് ‘ഡിറ്റക്ടർ’ അവതരിപ്പിക്കുന്നത്.
ഔദ്യോഗിക സ്ഥാപനങ്ങളിൽനിന്നെന്ന വ്യാജേനെ ഫോൺ വിളിച്ചും സന്ദേശങ്ങൾ അയച്ചും രാജ്യത്ത് ജനങ്ങളെ കബളിപ്പിക്കലും പണം തട്ടലും അടുത്തിടെ വ്യാപിച്ചിരുന്നു. ഇത്തരം തട്ടിപ്പുകാരെ തിരിച്ചറിയാൻ പുതിയ സംവിധാന വഴി കഴിയും. വിളിക്കുന്നയാളുടെ പേര് തിരിച്ചറിയുന്നതിലൂടെ അജ്ഞാത കാളുകളുടെയും തട്ടിപ്പുകളുടെയും എണ്ണം ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ.
അതേസമയം, ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള മാർഗനിർദേശങ്ങൾ പാലിക്കാനും ഫോൺ വഴി അക്കൗണ്ട് നമ്പരുകളോ രഹസ്യ കോഡുകളോ വ്യക്തിഗത വിവരങ്ങളോ വെളിപ്പെടുത്തരുതെന്നും അധികൃതർ വീണ്ടും ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.