കുവൈത്ത് സിറ്റി: ദേശീയ ഐക്യത്തെ തകർക്കുന്ന എല്ലാ പ്രവൃത്തികളെയും കുവൈത്ത് മന്ത്രിസഭ അപലപിച്ചു. സമൂഹത്തിൽ അനൈക്യം സൃഷ്ടിക്കുന്ന എല്ലാ പ്രവർത്തനങ്ങളെയും അപലപിച്ച മന്ത്രിസഭ പ്രത്യേകിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി നടക്കുന്ന കാര്യങ്ങൾ പ്രത്യേകം സൂചിപ്പിച്ചു.
തിങ്കളാഴ്ച പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹിന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭ യോഗത്തിന് ശേഷം സർക്കാർ വക്താവ് അമീർ അൽ അജ്മിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സമൂഹത്തിന്റെ എല്ലാ മേഖലകളോടും ബഹുമാനം പ്രകടിപ്പിക്കാൻ മന്ത്രിസഭ ആഗ്രഹിക്കുന്നു. വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും എതിരെ കലഹമുണ്ടാക്കാനും വിദ്വേഷം പടർത്താനും ലക്ഷ്യമിട്ടുള്ള ഏതൊരു നടപടിക്കും എതിരെ സർക്കാർ നിലകൊള്ളുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അനൈക്യം സൃഷ്ടിക്കുന്നവരെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതും ഇത്തരം പ്രശ്നങ്ങളെ ശക്തമായി നേരിടുന്നതിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പങ്കിനെയും മന്ത്രിസഭ പ്രശംസിച്ചു. രാജ്യത്തിന്റെ സുരക്ഷ, സ്ഥിരത, ഐക്യം എന്നിവയുടെ കാര്യത്തിൽ ആരും നിയമത്തിന് അതീതരല്ലെന്നും അൽ അജ്മി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.