കുവൈത്ത് സിറ്റി: ട്രാഫിക് നിയമലംഘനങ്ങൾ കൂടുതൽ കൃത്യതയോടെ കണ്ടെത്താൻ അത്യാധുനിക കാമറകളുമായി കുവൈത്ത് ട്രാഫിക് വിഭാഗം. ഇതിനായി നവീനമായ ജനറേഷനിലുള്ള ട്രാഫിക് നിരീക്ഷണ കാമറകൾ സ്ഥാപിക്കൽ തുടങ്ങി. നിരവധി ഗുണങ്ങളുള്ള കാമറയിൽ അമിത വേഗത, മഞ്ഞവരയിലെ പാർക്കിങ്, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്താനാകുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.
രാജ്യത്ത് ട്രാഫിക് ലംഘനങ്ങൾ കൂടിയതായി അടുത്തിടെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിശ്ചിത വേഗത്തിലും പരിധി കവിഞ്ഞാണ് പല വാഹനങ്ങളും സഞ്ചരിക്കുന്നത്. അൽ വഫ്ര റോഡ് 306ലെ സ്പീഡ് കാമറകൾ കഴിഞ്ഞ 30 ദിവസങ്ങളിൽ രേഖപ്പെടുത്തിയത് 49,597 വേഗപരിധി ട്രാഫിക് ലംഘനങ്ങളാണ്. ശൈഖ് ജാബിർ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ബ്രിഡ്ജ് റോഡിലെ ട്രാഫിക് കൺട്രോൾ കാമറകൾ വഴി രണ്ടാഴ്ചക്കുള്ളിൽ 7778 ട്രാഫിക് നിയമലംഘനങ്ങളും രേഖപ്പെടുത്തിയതായി ആഭ്യന്തരമന്ത്രാലയം സെക്യൂരിറ്റി മീഡിയ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.രാജ്യത്ത് കഴിഞ്ഞ വർഷം ജനുവരി മുതൽ നവംബർ വരെ 3.4 ദശലക്ഷം ഗതാഗത ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അപകടങ്ങളിൽ 170 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.