ബാൽക്കണിയിൽ വസ്ത്രം ഉണക്കാനിടുന്നതിനെതിരെ കാമ്പയിൻ

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കെട്ടിടങ്ങളുടെ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നതിനെതിരെ കാമ്പയിനുമായി കാപിറ്റൽ ഗവർണറേറ്റ്. കെട്ടിടങ്ങളുടെ ഭംഗി കെടുത്തുന്ന രീതിയിൽ ഫർണിച്ചറുകൾ കൂട്ടിയിടുന്നതിനും കാർപെറ്റ് പോലുള്ള വസ്തുക്കൾ റോഡിൽ കഴുകുന്നതിനും പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഗവർണർ ശൈഖ്​ തലാൽ അൽ ഖാലിദി​െൻറ നിർദേശപ്രകാരമാണ് കാപിറ്റൽ ഗവർണറേറ്റ് പ്രത്യേക കാമ്പയിന് തുടക്കമിട്ടത്.

കെട്ടിടങ്ങളുടെ ഭംഗി കെടുത്തുന്ന രീതിയിൽ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നതും ഫർണിച്ചറുകളും മറ്റും കൂട്ടിയിടുന്നതും തടയുക എന്നതാണ്​ കാമ്പയിനി​െൻറ ലക്ഷ്യം. തലസ്ഥാന നഗരപരിധിയിൽ ഉൾപ്പെടുന്ന ശർഖ്, മിർഖാബ്, ബിനീദ് അൽഗാർ എന്നിവിടങ്ങളിൽ ഗവർണറുടെ നേതൃത്വത്തിൽ നടത്തിയ പര്യടനത്തിൽ ഇത്തരത്തിലുള്ള നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നഗരശുചീകരണവുമായി ബന്ധപ്പെട്ട മുനിസിപ്പൽ മന്ത്രാലയം നിർദേശിച്ച നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

നഗരസൗന്ദര്യം കെടുത്തുന്ന എല്ലാ നടപടികളും 2008ൽ മുനിസിപ്പൽ മന്ത്രാലയം നടപ്പാക്കിയ നിയമത്തി​െൻറ പരിധിയിൽ വരും. തെരുവുകളിൽ പരവതാനികളും ഫർണിച്ചറുകളും വൃത്തിയാക്കുന്നതും പിഴ ഉൾപ്പെടെയുള്ള നടപടികൾക്ക് കാരണമാകും. മുനിസിപ്പാലിറ്റിയിലെ പബ്ലിക് ക്ലീനിങ്​ ആൻഡ്​ റോഡ് വർക്സ് വകുപ്പി​െൻറ സഹകരണത്തോടെ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 16 കെട്ടിടങ്ങളിൽ മുന്നറിയിപ്പ് നോട്ടീസ് പതിക്കുകയും, മൂന്നിടങ്ങളിൽ കുറ്റം ആവർത്തിക്കില്ലെന്ന് ഉടമകളിൽനിന്ന് എഴുതി വാങ്ങുകയും ചെയ്തിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.