ധന വിനിമയ സ്ഥാപനങ്ങളെ സ്ഥിരമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നവരാണ് പ്രവാസികൾ. കുടുംബത്തിന് നിത്യ ചെലവിനും സമ്പാദ്യത്തിനുമായി നാട്ടിലേക്ക് പണമയക്കാനുള്ള ഗൾഫ് രാജ്യങ്ങളിലെ സുരക്ഷിത സംവിധാനമാണ് മണി എക്സ്ചേഞ്ചുകൾ. സൗദി ഒഴിച്ചുള്ള ജി.സി.സി രാജ്യങ്ങളിൽ ഇത്തരം മണി എക്സ്ചേഞ്ച് കമ്പനികളാണ് വിദേശികളുടെ പണമിടപാട് സേവനം നിർവഹിച്ചുവരുന്നത്. അതത് രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളുടെ ധനവിനിമയ ചട്ടങ്ങൾക്ക് വിധേയമായി പ്രത്യേക ലൈസൻസ് ഉപയോഗിച്ചാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. പ്രവാസികളുടെ പണം ഏറ്റവും സുരക്ഷിതമായി നിയമ പരിരക്ഷയോടെയാണ് ഇവർ അക്കൗണ്ടിൽ എത്തിക്കുന്നത്.
എന്നാൽ ഈ രംഗത്ത് സമാന്തര ധനവിനിമയ സംവിധാനം (കള്ളപ്പണമിടപാട്) ശക്തിപ്പെട്ടുവരുന്നുണ്ട്. മണി എക്സ്ചേഞ്ച് രംഗത്ത് പതിനായിരക്കണക്കിന് പ്രവാസികളാണ് തൊഴിലെടുക്കുന്നത്. ആകർഷകമായ ശമ്പള സ്കെയിലും ആനുകൂല്യവുമാണ് ഈ രംഗത്ത് ഇപ്പോഴുള്ളത്. നിയമ വിരുദ്ധമായ സമാന്തര പണമിടപാട് വർധിക്കുന്നതോടെ തൊഴിലവസരം നഷ്ടമായി തുടങ്ങും. പ്രതിദിനം ബില്യൺ കണക്കിന് ഡോളറാണ് ജി.സി.സി രാജ്യങ്ങളിൽനിന്നും എക്സ്ചേഞ്ചുകൾ വഴി പ്രവാസികൾ നാട്ടിലേക്കയക്കുന്നത്. എക്സ്ചേഞ്ച് കമ്പനികൾ നൽകുന്നതിനേക്കാൾ ആകർഷകമായ നിരക്ക് നൽകിയാണ് കള്ളപ്പണ ലോബി പ്രവാസികളെ കെണിയിൽപ്പെടുത്തുന്നത്. ഇന്ത്യൻ രൂപക്ക് റിസർവ് ബാങ്ക് നിശ്ചയിച്ച മൂല്യത്തേക്കാൾ കുറവ് നൽകിയാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. രൂപയുടെ മൂല്യം റിസർവ്വ് ബാങ്കിനേക്കാൾ കുറക്കുന്നതോടെ ജി.സി.സി രാജ്യങ്ങളിലെ കറൻസികളുമായി വിനിമയം ചെയ്യുമ്പോൾ പണമയക്കുന്നവർക്ക് കൂടുതൽ രൂപ ലഭിക്കുന്നു. അതുകൊണ്ട് തന്നെ സാധാരണക്കാരായ പ്രവാസികളെ ഇവർക്ക് എളുപ്പം ആകർഷിക്കാനാകുന്നു. തങ്ങൾ അധ്വാനിച്ച ശുദ്ധമായ പണം കള്ളപ്പണമായാണ് നാട്ടിലെത്തുന്നതെന്ന് പാവം പ്രവാസി അറിയാതെ പോകുന്നു.
മുൻകാലങ്ങളിൽ കള്ളപ്പണം ഏജന്റുമാർ നേരിട്ട് വീടുകളിൽ എത്തിക്കുകയായിരുന്നു ചെയ്തത്. വലിയ അപകട സാധ്യതകൾ തരണം ചെയ്തും നിയമപാലകരെ വെട്ടിച്ചുമാണ് ഇത്തരത്തിൽ ഏജന്റുമാർ പണം വിതരണം ചെയ്തിരുന്നത്. എന്നാൽ ഈ അപകട സാധ്യത കൂടി ഉപഭോക്താവിന്റെ തലയിൽ വരും വിധമാണ് ഇപ്പോൾ കള്ളപ്പണ ഇടപാടുകാർ പ്രവാസികളെ സമീപിക്കുന്നത്. എക്സ്ചേഞ്ച് കമ്പനികൾ നല്കുന്നതുപോലെ അക്കൗണ്ടിൽ പണമെത്തിക്കാമെന്നതാണ് ഇപ്പോഴത്തെ രീതി.
അക്കൗണ്ടിൽ ചെറിയ ചെലവിൽ പണമെത്തുമ്പോൾ എന്തിനാണ് കൂടുതൽ പണം മുടക്കി എക്സ്ചേഞ്ചുകളെ സമീപിക്കുന്നത് എന്ന് സാധാരണക്കാരിലധികവും ചിന്തിക്കുന്നു. കള്ളപ്പണ ലോബി വഴി പണമയക്കുമ്പോൾ മികച്ച നിരക്കിന് വിലയായി നൽകേണ്ടി വരുക മുഴുവൻ സമ്പാദ്യവുമായിരിക്കുമെന്ന് ഇവർ അറിയുന്നില്ല. സദാ ജാഗ്രതയോടെ നിൽക്കുന്ന നാട്ടിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കണ്ണുകൾ കള്ളപ്പണമെത്തുന്ന അക്കൗണ്ടിൽ പതിഞ്ഞാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് പണമയക്കുന്നവർ അജ്ഞരാണ്. നിയമവിരുദ്ധമായി ധനവിനിമയം നടത്തുന്നവരാണ് കള്ളപ്പണ ലോബി. അവർ ഉപഭോക്താക്കൾക്ക് പണമയക്കാൻ ഉപയോഗിക്കുന്ന അക്കൗണ്ട് സാമ്പത്തിക ഇന്റലിജൻസ് വിഭാഗത്തിന്റെ കണ്ണിൽപെടുകയും മരവിപ്പിക്കുകയും ചെയ്താൽ ആ അക്കൗണ്ട് വഴി ഇടപാട് നടത്തിയ മുഴുവൻ അക്കൗണ്ടുകളും അന്വേഷണ വിധേയമായി മരവിപ്പിക്കപ്പെടും. ഗൾഫിൽ വിയർപ്പൊഴുക്കി സമ്പാദിച്ച പണം തൊടാനാകാതെ നിൽക്കാനേ കഴിയൂ. അക്കൗണ്ട് വീണ്ടും തുറക്കാൻ ആവശ്യമായ രേഖകൾ അക്കൗണ്ട് ഉടമ തന്നെ സംഘടിപ്പിക്കണം. അപ്പോഴും എന്തിന് കള്ളപ്പണ ലോബിയുടെ അക്കൗണ്ടിലൂടെ പണമെത്തിയെന്ന ചോദ്യത്തിന് ഉത്തരം നൽകാനാകില്ല. വലിയ അപകട സാധ്യതയാണ് കള്ളപ്പണ അക്കൗണ്ട് ട്രാൻസ്ഫർ എന്ന് തിരിച്ചറിയുക.
ഫാറൂഖ് ഹമദാനി
(മണി എക്സ്ചേഞ്ച് മേഖലയിൽ പ്രവർത്തിക്കുന്നയാളാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.