ഓർമകളിലാണ് ആഘോഷങ്ങളുടെ സൗന്ദര്യമെന്ന് തോന്നാറുണ്ട്. അതുകൊണ്ടുതന്നെ ഓരോ ക്രിസ്മസ് കാലവും എന്നെ തൃശൂർ പുഴക്കലിലെ വീട്ടുമുറ്റത്തെത്തിക്കുന്നു. അവിടെ പപ്പയും മമ്മിയും അനിയനും പപ്പയുടെ അമ്മച്ചിയും അപ്പച്ചനുമെല്ലാമുള്ള സുന്ദരമായ ദിവസങ്ങൾ മനസ്സിലെത്തുന്നു. ഓർമകളിൽ നക്ഷത്രവിളക്കുകൾ തെളിയുന്നു. ക്രിസ്മസ് വരികയാണ്.
അവിടെ വീട്ടുമുറ്റത്തിന്റെ കോണിൽ പുൽക്കൂടൊരുക്കാനുള്ള തയാറെടുപ്പിലാണ് ഒരു ഏഴാം ക്ലാസുകാരിയും കുഞ്ഞനിയൻ ആൻസനും. ഞങ്ങളുടെ എല്ലാ വർഷവും പതിവുള്ള ക്രിസ്മസ് കലാപരിപാടിയാണിത്. പറമ്പിൽനിന്ന് കല്ലും മണ്ണും ചെടികളും മറ്റും ശേഖരിച്ചാകും നിർമാണം. പുൽക്കൂട് തയാറാക്കി അതിൽ ഉണ്ണിയേശുവിനെയും നക്ഷത്രങ്ങളും ക്രിസ്മസ് ട്രീയുമൊക്കെ സ്ഥാപിച്ചു കഴിഞ്ഞാലേ പിന്നെ വിശ്രമമുള്ളൂ. പള്ളിയിൽനിന്ന് എത്തുന്ന സംഘത്തെ തൃപ്തിപ്പെടുത്തി ഒന്നാം സ്ഥാനം നേടണം എന്ന ലക്ഷ്യത്തിലാകും നിർമാണം. എന്നാൽ, അതൊരിക്കലും ഞങ്ങളെ തേടിവന്നില്ല.
അങ്ങനൊരു ക്രിസ്മസ് കാലം. ഞങ്ങൾ പൂൽക്കൂട് നിർമാണം തുടങ്ങി. എന്നാൽ, നിർമാണം പാതിയായപ്പോൾ ഞങ്ങൾക്കിടയിൽ ചെറിയൊരു തർക്കം ഉടലെടുത്തു. ആരുടെ ഐഡിയ പ്രകാരം പൂൽക്കൂട് പൂർത്തിയാക്കണം എന്നായിരുന്നു വിഷയം. രണ്ടുപേരും സ്വന്തം വാദവുമായി വാശിയിൽ ഉറച്ചു നിന്നു. അവിടെയും നിന്നില്ല, പാതിയായ പുൽക്കൂടിൽ അവകാശവാദം ഉന്നയിക്കുകയും ചെയ്തു. ഇതോടെ നിർമാണം മുടങ്ങി. വൈകാതെ അതൊരു ആഗോള പ്രശ്നമായി വികസിച്ചു. പ്രശ്നം പരിഹരിക്കാൻ അമ്മയും അപ്പച്ചനും അമ്മച്ചിയും ഇടപെട്ടു. ദുബൈയിൽനിന്ന് പപ്പ ഫോൺ വിളിച്ചു അനുരജ്ഞന ചർച്ചക്കും ശ്രമിച്ചു. എന്നാൽ, ഞങ്ങൾ നിലപാടിൽനിന്ന് ഒരടി പിന്മാറാൻ തയാറായില്ല. ഇതോടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു.
ഒടുവിൽ അമ്മ തീരുമാനം പ്രഖ്യാപിച്ചു. ഇപ്പോഴുള്ളത് അങ്ങനെ ഇരിക്കട്ടെ. രണ്ടുപേരും വെവ്വേറെ പുൽക്കൂടുണ്ടാകുക. ഇതോടെ ഒറ്റയായി വീണ്ടും ഞങ്ങൾ കല്ലും മണ്ണും പെറുക്കി പണി തുടങ്ങി. എന്നാൽ, രണ്ടുപേരും ചേർന്നുണ്ടാക്കിയ പുൽക്കൂടിന്റെ ഭംഗി വേറിട്ട് ഉണ്ടാക്കുമ്പോൾ കിട്ടിയില്ല. അതോടെ മൂന്നു പുൽക്കൂടുകളും പാതിവഴിയിൽ നിന്നു.
ക്രിസ്മസ് അടുക്കാറായി. അമ്മ ഇടക്കുവന്ന് അവ പരിശോധിച്ച് ഇത്തവണ ഏതു കൂട്ടിൽ ഉണ്ണിയേശു പിറക്കുമെന്ന് തമാശ പറഞ്ഞ് ഞങ്ങളെ ചൊടിപ്പിക്കും. ഇതിനൊപ്പം അമ്മച്ചിയും കൂടും. ഇനി ഇത്തവണ ഞങ്ങളുടെ വീട്ടിൽ ഉണ്ണിയേശു പിറക്കില്ലേ എന്ന സംശയം എന്നിലും ഉയർന്നു തുടങ്ങി! വേറിട്ട ഈ കലാപരിപാടി നടക്കില്ലെന്നും മനസ്സിലായി. അതോടെ ഞാൻ മടിച്ചാണെങ്കിലും ആൻസനെ സമീപിച്ചു.
നമുക്ക് ഒരുമിച്ച് പുൽക്കൂടുണ്ടാക്കിയാലോ എന്നു പറഞ്ഞതും, അതുകേൾക്കാൻ കാത്തിരുന്നതുപോലെ അവൻ എഴുന്നേറ്റു പണിതുടങ്ങി. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. പള്ളിയിൽനിന്ന് പരിശോധനക്ക് ആളെത്തുമ്പോഴേക്കും പുൽക്കൂട് റെഡിയായി. ആ വർഷം ആദ്യമായി ഞങ്ങൾക്ക് സമ്മാനവും കിട്ടി.
ആ ക്രിസ്മസിന് മറ്റൊന്നു കൂടി സംഭവിച്ചു. പിണക്കത്തിനിടയിലും പതിവുള്ള ക്രിസ്മസ് സമ്മാനങ്ങൾ രഹസ്യമായി ഞങ്ങൾ വാങ്ങിയിരുന്നു. പള്ളിയിൽനിന്ന് എത്തിയപാടേ ഞാനെപ്പഴോ ഇഷടപ്പെട്ട ഒരു ബാഗ് ആൻസൻ എനിക്കു സമ്മാനിച്ചു. പകരം ഞാനവന് ഒരു ടീ ഷർട്ട് നൽകി. ഞങ്ങൾക്കായി കരുതിവെച്ച സമ്മാനങ്ങൾ അമ്മയും സമ്മാനിച്ചതോടെ ആ ക്രിസ്മസ് ദിനം ഓർമയിലെ പ്രിയപ്പെട്ട ഒന്നായി.
പിന്നീട് പലയിടങ്ങളിലേക്കായി ചിതറിയ ഞങ്ങൾ ഈ ക്രിസ്മസിന് വീണ്ടും പുഴക്കലെ വീട്ടിൽ ഒരുമിക്കും. ബംഗളുരുവിൽനിന്ന് ആൻസനെത്തും. കുവൈത്തിൽനിന്ന് ഞാനും ദുബൈയിൽനിന്ന് പപ്പയും മമ്മിയും വരും. എന്നാലും കാലത്തിന് നികത്താനാകാത്ത വലിയൊരു നഷ്ടം അപ്പോഴും ബാക്കിയാകും. ഞങ്ങളുടെ പ്രിയപ്പെട്ട അപ്പച്ചന്റേയും അമ്മച്ചിയുടെയും...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.