കുവൈത്ത് സിറ്റി: ആതുരസേവനരംഗത്തെ കുവൈത്തിലെ പ്രമുഖ രായ സിറ്റി ക്ലിനിക് ഗ്രൂപ്, ചികിത്സ സഹകരണത്തിൽ ഇന്ത്യയിലെ അപ്പോളോ ഹോസ്പിറ്റലുമായി കൈകോർക്കുന്നു. സിറ്റി ക്ലിനിക്കിൽ എത്തുന്നവർക്ക് അപ്പോളോ ഹോസ്പിറ്റൽ ഡോക്ടർമാരുമായി രോഗവിവരങ്ങൾ പങ്കുവെക്കാനും അഭിപ്രായം തേടാനും ഇതുവഴി കഴിയും. വിദഗ്ധ ചികിത്സ വേണ്ടവരെ മറ്റു തടസ്സങ്ങൾ ഇല്ലാതെ അപ്പോളോ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതിനും സിറ്റി ക്ലിനിക് സഹായംചെയ്യും.
ധാരണപ്രകാരം സിറ്റി ക്ലിനിക്കിന് അപ്പോളോ ഹബ് സൗകര്യവും ഉണ്ടാകുമെന്നും സിറ്റി ക്ലിനിക്കുകളിൽ എത്തുന്ന രോഗികൾക്ക് അപ്പോളോയുടെ വിപുലമായ മെഡിക്കൽ സൗകര്യങ്ങൾ ലഭ്യമാകുമെന്നും അപ്പോളോ ഹോസ്പിറ്റൽസ് എന്റർപ്രൈസസ് ലിമിറ്റഡ് ഗ്രൂപ് പ്രസിഡന്റ് ഡോ. കെ. ഹരി പ്രസാദ് പറഞ്ഞു. കുവൈത്തിൽ അപ്പോളോയുടെ ആദ്യ ക്ലിനിക്കൽ സഹകരണമാണ് ഇതെന്നും സിറ്റി ക്ലിനിക് ഗ്രൂപ് മാനേജിങ് ഡയറക്ടർ കെ.പി. നൗഷാദ്, അദ്ദേഹത്തിന്റെ ടീം എന്നിവരെ അഭിനന്ദിക്കുന്നതായും ഡോ. കെ. ഹരി പ്രസാദ് പറഞ്ഞു.
ദുബൈ, കേരളം എന്നിവിടങ്ങിൽ ഇരുവിഭാഗവും തമ്മിലുള്ള വിജയകരമായ സഹകരണവും അദ്ദേഹം എടുത്തുപറഞ്ഞു. 17 വർഷമായി സിറ്റി ക്ലിനിക് ഗ്രൂപ് കുവൈത്തിൽ ആരോഗ്യ സേവനം നടത്തുന്നു. പ്രവാസികൾക്കും പൗരന്മാർക്കും കൂടുതൽ മൂല്യവർധിത സേവനം ഒരുക്കുന്നതിൽ സന്തോഷിക്കുന്നതായും മാനേജിങ് ഡയറക്ടർ കെ.പി. നൗഷാദ് പറഞ്ഞു.
വൈകാതെ കൂടുതൽ ആശുപത്രികളുമായി സഹകരണത്തിൽ എത്താനും സേവനങ്ങൾ വിപുലപ്പെടുത്താനും പദ്ധതികൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിറ്റി ക്ലിനിക് ഗ്രൂപ് സി.ഇ.ഒ ആനി വൽസനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഫ്രോ-ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖല ആശുപത്രി ശൃംഖലയാണ് അപ്പോളോ ഹോസ്പിറ്റൽസ് എന്റർപ്രൈസ് ലിമിറ്റഡ്. കുവൈത്തിലുടനീളം അഞ്ച് പോളി ക്ലിനിക്കുകൾ സിറ്റി ക്ലിനിക് ഗ്രൂപ്പിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.