കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഗസ്റ്റ് ഒന്നുമുതൽ കൊമേഴ്സ്യൽ വിമാന സർവീസ് ആരംഭിക്കാനിരിക്കെ വ്യോമയാന വകുപ്പും മറ്റു സർക്കാർ വകുപ്പുകളും അവസാനവട്ട ഒരുക്കത്തിൽ. വ്യോമയാന വകുപ്പ് മേധാവി ശൈഖ് സൽമാൻ സബാഹ് സാലിം അൽ ഹമൂദ് അസ്സബാഹിെൻറ നേതൃത്വത്തിൽ ആറുതവണയാണ് യോഗം ചേർന്നത്. ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പ് എന്നിവയുടെ പ്രതിനിധികളും യോഗങ്ങളിൽ സംബന്ധിച്ചു. ഒന്ന്, മൂന്ന്, നാല്, അഞ്ച് ടെർമിനലുകളിൽനിന്നാണ് വിമാന സർവീസ്. അറബിയിലും ഇംഗ്ലീഷിലും വ്യോമയാന വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. പി.സി.ആർ പരിശോധന നിർബന്ധമായ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാർ പരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കണം. കുവൈത്തിൽനിന്ന് പുറത്തേക്കും രാജ്യത്തിനകത്തേക്കുമുള്ള യാത്രക്കാർ www.kuwaitmosafer.com എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. വിമാന ടിക്കറ്റ് ഒാൺലൈനായി ബുക്ക് ചെയ്ത് മൊബൈലിൽ ഡിജിറ്റലായി സൂക്ഷിക്കണം. കോവിഡ് പ്രതിരോധത്തിനായി പേപ്പർ ടിക്കറ്റുകൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കുവൈത്തിൽനിന്ന് തിരിച്ചുപോവുന്നവർക്ക് ഹാൻഡ് ബാഗേജ് അനുവദിക്കില്ല തുടങ്ങിയ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. അത്യാവശ്യ മരുന്നുകളും അത്യാവശ്യ വ്യക്തിഗത സാധനങ്ങളും കുട്ടികളുടെ ആവശ്യത്തിനുള്ള വസ്തുക്കളും അടങ്ങിയ ചെറിയ ബാഗ് മാത്രം കൈയിൽ കൊണ്ടുപോവാം. നേരത്തെ ഏഴുകിലോ വരെ ഹാൻഡ് ബാഗേജ് അനുവദിച്ചിരുന്നു. വിമാനത്താവളത്തിനകത്തേക്ക് യാത്രക്കാരനെ മാത്രമേ കയറ്റൂ. പ്രായമായവർ, ഭിന്നശേഷിക്കാർ തുടങ്ങി സഹായത്തിന് ആളുവേണ്ട കേസുകളിൽ മാത്രമാണ് ഇതിന് ഇളവ് അനുവദിക്കുക. കുവൈത്തിലേക്ക് വരുന്നവർക്ക് റാൻഡം കോവിഡ് പരിശോധന നടത്തും. ആദ്യഘട്ടത്തിൽ പ്രതിദിനം 10000 യാത്രക്കാർക്കാണ് സേവനം ഉപയോഗപ്പെടുത്താനാവുക. 30 ശതമാനം ജീവനക്കാരാണ് ജോലിയിലുണ്ടാവുക. പ്രതിദിനം 100 വിമാന സർവീസുകളാണ് പരമാവധി ഉണ്ടാവുക. ആദ്യഘട്ടത്തിൽ രാത്രി പത്തിനും പുലർച്ചെ നാലിനുമിടയിൽ കൊമേഴ്സ്യൽ വിമാനങ്ങൾ ഉണ്ടാവില്ല. ഇതനുസരിച്ച് വിമാനങ്ങളുടെ സമയക്രമം പുനഃക്രമീകരിക്കാൻ വ്യോമയാന വകുപ്പ് വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.