കുവൈത്ത് സിറ്റി: സ്ത്രീകൾ നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് കുവൈത്ത് യൂനിയൻ ഫോർ വുമൺസ് അസോസിയേഷൻ ചർച്ച സമ്മേളനം. അറബ്-ലീഗ് അഫിലിയേറ്റഡ് ഓർഗനൈസേഷൻ ഓഫ് അറബ് വുമണുമായി സഹകരിച്ച് നടത്തിയ സമ്മേളനത്തിൽ അറബ് സ്ത്രീ, സമാധാനവും സുരക്ഷയും, അറബ് മേഖലയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ എന്നീ ചർച്ചകൾക്കൊപ്പം ഫലസ്തീൻ സ്ത്രീകൾ അനുഭവിക്കുന്ന പ്രയാസങ്ങളും പ്രത്യേകം വിലയിരുത്തി.
വിദേശകാര്യ ഉപമന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹമ്മദ് അസ്സബാഹ് സമ്മേളനം ഉദ്ഘാടനം ചെയ്തു.സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുന്ന ഐക്യരാഷ്ട്രസഭ സുരക്ഷ കൗൺസിൽ പ്രമേയം പ്രോത്സാഹിപ്പിക്കണമെന്ന് കുവൈത്ത് യൂനിയൻ ഓഫ് വുമൺസ് അസോസിയേഷനുകൾ ആവശ്യപ്പെട്ടതായി കുവൈത്ത് യൂനിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് പ്രഫസർ ഡോ. ഹൈല അൽ മുഖൈമി പറഞ്ഞു.
ഫലസ്തീൻ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതം അവസാനിപ്പിക്കാൻ യു.എൻ.എസ്.സി പ്രമേയം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ജോർഡൻ ദേശീയ വനിതാകാര്യ സമിതി സെക്രട്ടറി ജനറൽ മഹാ അലി സൂചിപ്പിച്ചു. സുരക്ഷ, സൈനിക, പാരമ്പര്യേതര മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ജോർഡൻ ദേശീയ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
ഇറാഖി സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള സർക്യൂട്ടിന്റെ ഡയറക്ടർ ജനറൽ ഡോ. യോസ്ര മൊഹ്സെൻ വിവിധ തലങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള സർക്കാറിന്റെ നടപടികളെക്കുറിച്ച് സംസാരിച്ചു. തങ്ങളുടെ രാജ്യത്ത് വനിതാ നേതാക്കളുടെ എണ്ണം കുറവാണെന്ന് മൗറിറ്റാനിയയിൽ നിന്നുള്ള വനിത ജസ്റ്റിസ് ലീല ജെദ്ദീൻ പ്രസ്താവനയിൽ സമ്മതിച്ചു. ഫലസ്തീനിൽ സ്ത്രീകളുടെ പദവി മെച്ചപ്പെടുത്തുന്നതിനായി നിരവധി നിയമനിർമാണങ്ങൾ തയാറാക്കിയിട്ടുണ്ടെന്ന് ഫലസ്തീനിയൻ ഫണ്ട് മേധാവി ഫാത്മ അൽ മുവാഖത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.