കുവൈത്ത് സിറ്റി: പുരാവസ്തു മേഖലയിലെ സഹകരണം ശക്തിപ്പെടുത്താൻ കുവൈത്ത്- ഇറ്റലി ധാരണ. ഇതുമായി ബന്ധപ്പെട്ട രണ്ട് കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇറ്റാലിയൻ അംബാസഡർ കാർലോ ബാൽഡൂച്ചി, കുവൈത്ത് നാഷനൽ കൗൺസിൽ ഫോർ കൾചർ, ആർട്സ് ആൻഡ് ലെറ്റേഴ്സ് സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ജസ്സാർ എന്നിവരാണ് കരാർ ഒപ്പിട്ടത്.
ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട പുതിയ കരാര്‍ ചരിത്രത്തിലേക്ക് വെളിച്ചം വീശുമെന്നും പുരാവസ്തു മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുമെന്നും കാർലോ ബാൽഡൂച്ചി പറഞ്ഞു. ഫൈലക ദ്വീപിലെ ഇറ്റാലിയൻ പഠന ക്യാമ്പിന്റെ ഗവേഷണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ് ഒരു കരാർ.
2010ൽ നാഷനൽ കൗൺസിൽ ഫോർ കൾചർ, ആർട്സ് ആൻഡ് ലിറ്ററേച്ചർ എന്നിവ പെറുഗിയ യൂനിവേഴ്സിറ്റിയുമായി സഹകരണ കരാറിൽ ഒപ്പുവെച്ചത് അദ്ദേഹം സൂചിപ്പിച്ചു. ഫൈലക ദ്വീപിൽ കുവൈത്ത്-ഇറ്റലി സംയുക്ത പുരാവസ്തു ഗവേഷണത്തിന് ഇത് തുടക്കം കുറിച്ചു. ഇത് പുതിയ വിവരങ്ങളിലേക്ക് വെളിച്ചം വീശി.
ഫൈലക ദ്വീപിന് പുറത്തെ കസ്മ പ്രദേശത്തെ ചരിത്ര ഗവേഷണം ലക്ഷ്യമിട്ടുള്ള ഒരു പ്രോജക്ട് രൂപപ്പെടുത്തിയതായും ബാൽഡൂച്ചി പറഞ്ഞു. ഉമയ്യ കാലഘട്ടത്തിൽ വ്യാപാരികളും തീർഥാടകരും ഇവിടം ഉപയോഗപ്പെടുത്തിയിരുന്നു എന്നാണ് സൂചന. ഈ ഭാഗത്തിന്റെ വിശദമായ സർവേയാണ് പദ്ധതിയുടെ ആദ്യ ലക്ഷ്യം.
പഠിക്കേണ്ട പ്രദേശം ഏകദേശം 1,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണെന്നും തെക്ക് ജഹ്റ നഗരത്തിൽനിന്ന് (കുവൈത്തിന്റെ പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ) 50 കിലോമീറ്ററിലധികം ദൂരത്തിൽ വ്യാപിച്ചുകിടക്കുന്ന മുഴുവൻ തീരപ്രദേശവും ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുരാവസ്തു വകുപ്പ് ചരിത്രശേഷിപ്പുകള്ക്കായി നടത്തിയ ഖനനത്തില്‍ ഗവേഷകര്‍ക്ക് പ്രതീക്ഷ നല്കുന്ന ശേഷിപ്പുകളാണ് ലഭിച്ചത്.
വിവിധ ഘട്ടങ്ങളിലായി പ്രദേശത്ത് നിലനിന്നിരുന്ന പ്രാചീന വാസസ്ഥലങ്ങളിൽ തിരിച്ചറിയപ്പെട്ട പലതും ഏറെ ചരിത്രപ്രാധാന്യമുള്ളതാണ്. പുതിയ ഗവേഷണത്തിലൂടെ ചരിത്രത്തിന്റെ വേരുകളെ കൂടുതൽ മനസ്സിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.