കുവൈത്ത് സിറ്റി: സ്ട്രോക്ക് ചികിത്സയിൽ രാജ്യം വലിയ പുരോഗതി നേടിയതായി ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി പറഞ്ഞു. എല്ലാ ആശുപത്രികളിലും ന്യൂറോളജി സ്പെഷാലിറ്റി യൂനിറ്റുകൾ സ്ഥാപിക്കുന്നതിലൂടെയാണ് ഇത് സാധ്യമായത്. ആറാമത് കുവൈത്ത് ന്യൂറോളജി കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നവീന ചികിത്സരീതികൾ കൈവരിക്കുന്നതിനും പൗരന്മാർക്കും പ്രവാസികൾക്കും ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രമങ്ങൾക്കും കോൺഫറൻസ് സഹായകരമാണ്. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ കഴിഞ്ഞ വർഷങ്ങളിൽ 100ലധികം ശാസ്ത്ര ഗവേഷണങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള മികച്ച ഡോക്ടർമാരെ ആകർഷിക്കുന്നതിനാൽ മിഡിലീസ്റ്റിലും വടക്കേ ആഫ്രിക്കയിലും നടക്കുന്ന ഏറ്റവും പ്രധാന കോൺഫറൻസുകളിൽ ഒന്നാണിതെന്ന് കുവൈത്ത് ന്യൂറോളജി സൊസൈറ്റി മേധാവിയും മെഡിസിൻ ഫാക്കൽറ്റി പ്രഫസറുമായ ഡോ. ജാസിം അൽ ഹാഷെൽ പറഞ്ഞു.
രണ്ടു ദിവസത്തെ കോൺഫറൻസ് മൾട്ടിപ്പിൾ സ് ക്ലിറോസിസ്, പാർക്കിൻസൺസ് രോഗം, തലവേദന, അനിയന്ത്രിതമായ ചലനരോഗങ്ങൾ, ഹൃദയാഘാതം, അപസ്മാരം, പക്ഷാഘാതം തുടങ്ങിയ നിരവധി വിഷയങ്ങളും ചികിത്സരീതികളും ചർച്ച ചെയ്യും. 24 രാജ്യങ്ങളിൽനിന്നുള്ള 1,000 ഡോക്ടർമാരുടെ പങ്കാളിത്തമുണ്ട്. 35 പ്രഭാഷണങ്ങളും ശിൽപശാലകളും കോൺഫറൻസിന്റെ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.