കുവൈത്ത് സിറ്റി: കുവൈത്തിൽ ചൊവ്വാഴ്ച 1314 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കോവിഡ് പ്രതിസന്ധി തുടങ്ങിയതിനുശേഷം ആദ്യമായി പുതിയ കേസുകളും രോഗമുക്തിയും തുല്യനിലയിൽ വന്നു. 1314 പേർ തന്നെയാണ് ചൊവ്വാഴ്ച രോഗമുക്തി റിപ്പോർട്ട് ചെയ്തത്. ഇതുവരെ 212,169 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്. 1,96,821 പേർ ഇതുവരെ രോഗമുക്തി നേടി. ബാക്കി 14,162 പേരാണ് ചികിത്സയിലുള്ളത്. 215 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ നാലുപേർ കുറഞ്ഞു.
9317 പേർക്കുകൂടി കോവിഡ് പരിശോധന നടത്തി. ഇതുവരെ രാജ്യത്ത് 19,23,896 പേർക്ക് പരിശോധന നടത്തി. ഏഴുമരണം കൂടി റിപ്പോർട്ട് ചെയ്തു. ആകെ 1186 പേരാണ് ഇതുവരെ മരിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞദിവസങ്ങളിൽ ഗണ്യമായ വർധന ഉണ്ടായിരുന്നു. എണ്ണം കുറഞ്ഞത് ചൊവ്വാഴ്ചത്തെ നേരിയ ആശ്വാസ വാർത്തയായി. രാജ്യത്തെ ആശുപത്രികളിലെ തീവ്രപരിചരണ വാർഡുകൾ നിറഞ്ഞുവരുകയാണ്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണസംഖ്യയിലും സമീപ ആഴ്ചകളിൽ ഗണ്യമായ വർധനയുണ്ട്. കർഫ്യൂ ഏർപ്പെടുത്തിയതിനുശേഷം ഒരാഴ്ച പിന്നിടുേമ്പാൾ പ്രതിദിന കേസുകൾ കുറഞ്ഞുവരുന്നത് ആശ്വാസമാണ്.
കർഫ്യൂ ഇളവ് നേടിയവരുടെ നീക്കം നിരീക്ഷിക്കാൻ ആലോചന
കുവൈത്ത് സിറ്റി: കുവൈത്തിൽ കർഫ്യൂ സമയത്ത് പുറത്തിറങ്ങാൻ പ്രത്യേകാനുമതി നേടിയവരുടെ നീക്കം ജി.പി.എസ് സംവിധാനത്തിലൂടെ നിരീക്ഷിക്കാൻ ആലോചന. അനിവാര്യ ഘട്ടത്തിൽ ഉപയോഗിക്കാൻ അനുവദിക്കുന്ന പ്രത്യേകാനുമതി പലരും ദുരുപയോഗം ചെയ്യുന്നതായ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആലോചനയിലേക്ക് അധികൃതർ എത്തിയത്. മെഡിക്കൽ കൺസൽട്ടേഷൻ, ആംബുലൻസിലുള്ള രോഗികൾ, രക്തദാനം, കോവിഡ് വാക്സിനേഷൻ, പി.സി.ആർ പരിശോധന എന്നീ ആവശ്യങ്ങൾക്കാണ് പ്രത്യേക അനുമതിയോടെ പുറത്തുപോകാൻ കഴിയുക. https://www.paci.gov.kw എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം.
രണ്ട് മണിക്കൂർ വരെയാണ് സമയം അനുവദിക്കുക. സ്വദേശികൾക്കും വിദേശികൾക്കും അപേക്ഷിക്കാവുന്നതാണ്. ഇങ്ങനെ എക്സിറ്റ് പെർമിറ്റ് സ്വന്തമാക്കിയവർ അപേക്ഷിച്ച ആവശ്യത്തിന്, അതേ സ്ഥലത്തേക്ക് തന്നെയാണ് പോകുന്നത് എന്ന് മൊബൈൽ ഫോണിലെ ജി.പി.എസ് സംവിധാനം ഉപയോഗിച്ച് നിരീക്ഷിക്കാനാണ് നീക്കം.
കർഫ്യൂ ലംഘനം 29 പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ കർഫ്യൂ ലംഘിച്ചതിന് 29 പേർ കൂടി അറസ്റ്റിലായി. 15 കുവൈത്തികളും 14 വിദേശികളുമാണ് പിടിയിലായത്. കാപിറ്റൽ ഗവർണറേറ്റിൽ രണ്ടുപേർ, ഹവല്ലി ഗവർണറേറ്റിൽ നാലുപേർ, ഫർവാനിയ ഗവർണറേറ്റിൽ രണ്ടുപേർ, അഹ്മദി ഗവർണറേറ്റിൽ ആറുപേർ, മുബാറക് അൽ കബീർ ഗവർണറേറ്റിൽ മൂന്നുപേർ, ജഹ്റ ഗവർണറേറ്റിൽ 12 പേർ എന്നിങ്ങനെയാണ് പിടിയിലായത്. കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈകീട്ട് അഞ്ചുമുതൽ പുലർച്ച അഞ്ചുവരെയാണ് രാജ്യത്ത് കർഫ്യൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.