കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡിനെതിരെയുള്ള വാക്സിനേഷൻ ആരംഭിക്കുന്നതിന് മുന്നോടിയായി ആരോഗ്യമന്ത്രാലയം വിദേശികളുടെ വിവരശേഖരണം തുടങ്ങി. സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റിയുടെ സഹകരണത്തോടെയാണ് വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ വിവരം ശേഖരിക്കുന്നത്. വിവിധ റെസിഡൻഷ്യൽ ഏരിയകളിലെ ജനസംഖ്യ സംബന്ധിയായ ഏറ്റവും പുതിയ വിവരങ്ങളാണ് ആരോഗ്യമന്ത്രാലയം ശേഖരിക്കുന്നത്. ഇതിനായി താമസക്കാരുടെ പ്രായം, പൗരത്വം എന്നിവ അടിസ്ഥാനമാക്കി പട്ടിക തയാറാക്കുന്ന നടപടികളാണ് സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ സഹകരണത്തോടെ നടന്നുവരുന്നത്.
ജനുവരിയിൽ കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായാണ് നടപടി. നിലവിൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ വഴിയും പ്രിവൻഷൻ സെൻററുകൾ വഴിയും ശേഖരിക്കുന്ന വിവരങ്ങൾ തരംതിരിച്ച ശേഷം മന്ത്രാലയത്തിെൻറ ഡേറ്റബേസിൽ ഉൾപ്പെടുത്തും. വാക്സിൻ ഇറക്കുമതി ചെയ്യുന്നതിനും സംഭരിക്കുന്നതിനുമായി ആവശ്യമായ ക്രമീകരണങ്ങൾ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്. ജനുവരിയോടെ വാക്സിനേഷൻ ഒന്നാംഘട്ടം ആരംഭിക്കാനാണ് സർക്കാർ തീരുമാനം.
ആരോഗ്യമന്ത്രി അധ്യക്ഷനായ പ്രത്യേക സമിതിക്കാണ് വാക്സിൻ ഇറക്കുമതി, സംഭരണം വിതരണം തുടങ്ങിയ നടപടികളുടെ മേൽനോട്ട ചുമതല. പ്രായമായവർ, മാറാരോഗികൾ ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക. കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകില്ലെന്നും ആരോഗ്യമന്ത്രലയം വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.