കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ച നിർധനരായ ഇന്ത്യക്കാരുടെ ആശ്രിതർക്ക് സഹായധനം ലഭ്യമാക്കിത്തുടങ്ങി. ആദ്യഘട്ടമായി 65 പേരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപ വീതം നൽകിയതായി അംബാസഡർ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ അറിയിച്ചു.ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പുമായി സഹകരിച്ചാണ് എംബസി സഹായധനം ലഭ്യമാക്കിയത്. ജൂലൈ 28ന് എംബസിയിൽ നടന്ന ഒാപൺ ഹൗസിലാണ് അംബാസഡർ സഹായം പ്രഖ്യപിച്ചത്.
രണ്ടാഴ്ചക്കകം ആദ്യഘട്ട പട്ടിക തയാറാക്കി തുക കുടുംബത്തിന് എത്തിച്ചത് മികച്ച നേട്ടമാണ്. എംബസിയിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒാരോ കേസുകളും പരിശോധിച്ചാണ് ആദ്യഘട്ട ഗുണഭോക്താക്കളെ കണ്ടെത്തിയത്. കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ച 560ലേറെ ഇന്ത്യക്കാരുടെ ഫയലുകൾ പഠിക്കുന്നത് ഭാരിച്ച പണിയാണ്. അർഹരായവർക്ക് തന്നെയാണ് സഹായം ലഭ്യമാകുന്നതെന്ന് ഉറപ്പുവരുത്തേണ്ടതിനാൽ സൂക്ഷ്മതയോടെയാണ് അധികൃതർ അന്വേഷണം നടത്തുന്നത്.
120 ദിനാറിൽ കുറവ് ശമ്പളം ഉണ്ടായിരുന്ന കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ച മുഴുവൻ ഇന്ത്യക്കാരുടെയും ആശ്രിതർക്ക് സഹായം ലഭ്യമാക്കും.ഗാർഹികത്തൊഴിലാളികൾക്ക് മാത്രമല്ല 120 ദിനാറിൽ കുറവ് ശമ്പളമുള്ള കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ച മുഴുവൻ പേർക്കും സഹായം ലഭിക്കും. നൂറിലേറെ പേർ ഇതുവരെ അത്തരത്തിൽ ഉണ്ടെന്നാണ് വിവരം. വിഭവ സമാഹരണത്തിനായി ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ് വ്യക്തികളുടെയും വ്യവസായികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടുന്നു.
സഹായധന പ്രഖ്യാപനം വലിയ തോതിൽ അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. മറ്റു രാഷ്ട്രങ്ങളിലും പ്രവാസികൾ ഇത്തരത്തിൽ ആവശ്യം ശക്തമായി ഉന്നയിച്ചുതുടങ്ങി.കുവൈത്തിലെ ഇന്ത്യക്കാർ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ സന്തോഷം പ്രകടിപ്പിക്കുകയും അംബാസഡറെ അഭിനന്ദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.