കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തിൽ നവംബർ നിർണായകമാവുമെന്ന് വിലയിരുത്തൽ. സെപ്റ്റംബറിൽ പൊതുവെ സ്ഥിരത കാണിച്ചു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതും രോഗമുക്തിയും ഏകദേശം തുല്യമായിരുന്നു. ഒക്ടോബറിലും ഇതുവരെ ഇതേ നിലയാണുള്ളത്. കുറെ ദിവസം കൂടി ഇതേനില തുടർന്നേക്കും.
ആഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറിൽ പുതിയ കേസുകൾ കുറവുണ്ട്. രോഗമുക്തിയിൽ ഒരു ശതമാനം വർധനയും രേഖപ്പെടുത്തി. സെപ്റ്റംബറിൽ 19,494 പേർ രോഗമുക്തരായി. ഇത് ഇതുവരെയുള്ള രോഗമുക്തിയുടെ 20 ശതമാനം വരും. മരണനിരക്കും കഴിഞ്ഞ മാസം ആറ് ശതമാനം കുറഞ്ഞു. കഴിഞ്ഞ മാസം 79 പേർ കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ നാല് മാസത്തിലെ കുറഞ്ഞ മരണനിരക്കാണിത്.നവംബറിൽ അന്തരീക്ഷ താപനില കുറഞ്ഞുവരും. ഇൗ സമയം വൈറസ് വ്യാപനം വർധിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിന് ആശങ്കയുണ്ട്.
ജലീബ് അൽ ശുയൂഖിലെ ഫീൽഡ് ആശുപത്രിയിൽ ഇപ്പോൾ സന്ദർശകർ കുറവാണെങ്കിലും കേന്ദ്രം നിലനിർത്തുന്നത് തണുപ്പുകാലത്തെ വ്യാപന സാധ്യത കണക്കിലെടുത്താണ്. കോവിഡ് കാല നിയന്ത്രണങ്ങൾ ക്രമേണ നീക്കി രാജ്യത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതിെൻറ അഞ്ചാംഘട്ടത്തിലേക്ക് കടക്കുന്നത് നീട്ടിവെച്ചിരിക്കുകയാണ്. നേരത്തേ പ്രഖ്യാപിച്ച ഷെഡ്യൂൾ അനുസരിച്ച് ഇതിനകം അഞ്ചാം ഘട്ടത്തിലേക്ക് കടക്കേണ്ടതാണ്. എന്നാൽ, സമയമായില്ല എന്ന വിലയിരുത്തലിലാണ് മന്ത്രിസഭ എത്തിയത്.
രാജ്യത്ത് ശക്തമായ തണുപ്പ് അനുഭവപ്പെടുന്ന നവംബർ, ഡിസംബർ, ജനുവരി മാസങ്ങൾ കോവിഡ് വ്യാപനത്തെ സംബന്ധിച്ച് നിർണായകമാവും. ജനങ്ങളോട് ജാഗ്രത പുലർത്താൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക അകലം പാലിക്കലും മാസ്ക് ധരിക്കലും ഉൾപ്പെടെ ആരോഗ്യ മന്ത്രാലയത്തിെൻറ മുന്നറിയിപ്പുകൾ ഒരു വിഭാഗം അവഗണിക്കുന്ന സ്ഥിതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.