കുവൈത്ത് സിറ്റി: യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ കുവൈത്ത് ജാഗ്രതയിൽ. കോവിഡ് പ്രതിസന്ധി പൂർണമായി അവസാനിച്ചിട്ടില്ലെന്നും ജാഗ്രത കൈവെടിയാനായിട്ടില്ലെന്നും കുവൈത്തിലെ കൊറോണ എമർജൻസി കമ്മിറ്റി മേധാവി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ആരോഗ്യ മന്ത്രാലയം സ്ഥിതി നിരീക്ഷിച്ചുവരുകയാണ്. വിമാനത്താവളത്തിലും ജാഗ്രത പുലർത്തുന്നുണ്ട്. ജർമനി, ബ്രിട്ടൻ, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലാണ് സമീപ ദിവസങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നത്. കുവൈത്തിൽ കേസുകൾ കുറഞ്ഞുവരുകയാണ്.
297 ആക്ടിവ് കോവിഡ് കേസുകൾ മാത്രമേ രാജ്യത്തുള്ളൂ. ഇതിൽതന്നെ 16 പേർ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. തീവ്രപരിചരണ വിഭാഗത്തിൽ ആറുപേരാണുള്ളത്. മിക്കവാറും ദിവസങ്ങളിൽ മരണം റിപ്പോർട്ട് ചെയ്യുന്നില്ല. പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയത് ഉൾപ്പെടെ നിയന്ത്രണങ്ങൾ നീക്കി രാജ്യം സാധാരണ ജീവിതത്തിലേക്ക് അടുക്കുകയാണ്. അതിനിടെയാണ് ചില വിദേശരാജ്യങ്ങിൽ കോവിഡ് വീണ്ടും വ്യാപിക്കുന്നുവെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. ഇനിയും ബാക്കിയുള്ളവർ എത്രയും വേഗം കുത്തിവെപ്പെടുക്കണമെന്ന് അധികൃതർ അഭ്യർഥിക്കുന്നുണ്ട്.
കുത്തിവെപ്പ് അതിവേഗം പരമാവധി പേർക്ക് നൽകാൻ കഴിഞ്ഞതാണ് കുവൈത്ത് അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ കോവിഡ് വ്യാപനം തടയാൻ സഹായിച്ചതെന്നാണ് വിലയിരുത്തൽ. ഇനിയൊരു ലോക്ഡൗണും കർഫ്യൂവും താങ്ങാനുള്ള ശേഷി രാജ്യത്തെ വിപണിക്കില്ല. നേരത്തെ നിർബന്ധിതാവസ്ഥയിൽ നടപ്പാക്കിയ കോവിഡ് നിയന്ത്രണങ്ങളിൽതന്നെ ബിസിനസ് സ്ഥാപനങ്ങളും തൊഴിൽ മേഖലയും സമാനതകളില്ലാത്ത പ്രതിസന്ധിയാണ് അനുഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.