കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിദിന കോവിഡ് കേസുകൾ വർധിച്ചുവന്ന് ആയിരത്തിനടുത്ത് തുടരുന്നു. ചൊവ്വാഴ്ച 1002 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ബുധനാഴ്ച അൽപം കുറഞ്ഞ് 987 കേസുകളാണുണ്ടായത്. അഞ്ചു മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 980 ആയി. ബുധനാഴ്ച 553 പേർ ഉൾപ്പെടെ 1,63,264 പേർ രോഗമുക്തി നേടി. ബാക്കി 9739 പേരാണ് ചികിത്സയിലുള്ളത്. തീവ്രപരിചരണ വിഭാഗത്തിൽ ഗണ്യമായ വർധനയുണ്ടായി. ഒരു ദിവസംകൊണ്ട് 12 പേരാണ് വർധിച്ചത്.
നാലു മാസത്തിനിടെ ഏറ്റവും കൂടിയ കേസ് നിരക്കും മരണവുമാണ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഉണ്ടായത്. ഒന്നര മാസം മുമ്പ് 3000ത്തിന് അടുത്ത് ആളുകൾ ചികിത്സയിലുണ്ടായിരുന്നതാണ് 10,000ത്തോടടുക്കുന്നത്. 10,812 പേർക്കാണ് പുതുതായി വൈറസ് പരിശോധന നടത്തിയത്. രാജ്യത്ത് ഇതുവരെ 16,29,388 പേർക്ക് പരിശോധന നടത്തി. പുതിയ കേസുകൾ കഴിഞ്ഞ ആഴ്ചകളിൽ ഗണ്യമായി വർധിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം കൂടുകയായിരുന്നു. പുതിയ കേസുകൾ കൂടിവരുന്നത് ആശങ്ക വർധിപ്പിക്കുന്നു.
മരണം വർധിക്കാത്തത് ആശ്വാസമായിരുന്നെങ്കിലും ഇപ്പോൾ അതും വർധിച്ചുവരുന്നു. നവംബർ, ഡിസംബർ മാസങ്ങളിൽ തണുപ്പ് വർധിക്കുന്നതിനാൽ കോവിഡ് വ്യാപനം വർധിക്കുമെന്ന ആശങ്കയുണ്ടായിരുന്ന സ്ഥാനത്ത് നില മെച്ചപ്പെെട്ടങ്കിലും അതിനുശേഷം കേസുകൾ വർധിക്കുകയായിരുന്നു. ജനുവരിയിലേതിനാൾ സ്ഥിതി വഷളാകുന്ന സ്ഥിതിയാണ് ഫെബ്രുവരിയിൽ കാണുന്നത്.
അടച്ചിട്ട സ്ഥാപനങ്ങളുടെ വാടക സർക്കാർ നൽകുന്നത് ആലോചനയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധത്തിനായി സർക്കാർ നിർദേശപ്രകാരം അടച്ചിട്ട സ്ഥാപനങ്ങളുടെ വാടക സർക്കാർ നൽകുന്നത് ആലോചനയിൽ. സ്ഥാപനങ്ങൾ അടച്ചിടുന്നതുമൂലം ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് സർക്കാറിന് വ്യക്തതയുണ്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ സന്ദർശിച്ച പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം വിഷയം ബോധ്യപ്പെടുത്തിയിരുന്നു. സലൂൺ, കഫെ ഉടമകൾ കഴിഞ്ഞ ദിവസം പ്രതിഷേധപരിപാടിയും നടത്തി. ചെറുകിട, ഇടത്തരം സ്ഥാപന ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ച് അടുത്ത ദിവസത്തെ മന്ത്രിസഭ യോഗം ചർച്ചചെയ്യുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
അതേസമയം, ചെറുകിട സംരംഭങ്ങളുടെ ഉടമകളായ സ്വദേശികൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകിയാൽതന്നെ അത് ഇത്തരം സ്ഥാപനങ്ങളിലെ വിദേശി തൊഴിലാളികൾക്ക് എത്രത്തോളം കിട്ടുമെന്ന് കണ്ടറിയണം. ഫെബ്രുവരി ഏഴുമുതൽ സലൂണുകൾ, ഹെൽത്ത് ക്ലബുകൾ എന്നിവ പൂർണമായി അടച്ചിടാനാണ് മന്ത്രിസഭ കഴിഞ്ഞയാഴ്ച തീരുമാനിച്ചത്. ഭക്ഷണസാധനങ്ങൾ, മരുന്ന് എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ ഒഴികെ വ്യാപാര സ്ഥാപനങ്ങൾ രാത്രി എട്ടുമുതൽ പുലർച്ച അഞ്ചുവരെ പ്രവർത്തിക്കരുതെന്നും ഉത്തരവുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന സൂചന ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.