കുവൈത്ത് സിറ്റി: റോഡുകളിലൂടെ നിറഞ്ഞൊഴുകുന്ന അഴുക്കുവെള്ളവും പാതയോരങ്ങളിൽ മാലിന്യക്കൂമ്പാരങ്ങളും ജലീബ് മേഖലയിൽ രോഗഭീഷണി ഉയർത്തുന്നതായി അധികൃതർ. പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തിൽ ജലീബ് പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പൊതുജന സമിതി മേധാവി ഖാലിദ് അൽ മുതൈരിയാണ് ഈ മുന്നറിയിപ്പ് നൽകിയത്.
പ്രദേശത്തെ മിക്ക റോഡുകളും പൊട്ടിപ്പൊളിഞ്ഞ് അഴുക്കുജലം പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന സ്ഥിതിയിലാണുള്ളത്. വാഹനങ്ങൾക്കും കാൽനടക്കാർക്കും അഴുക്കുജലം തൊടാതെ മുന്നോട്ടുപോകാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. വിദേശികളെപ്പോലെ നിരവധി സ്വദേശി കുടുംബങ്ങളും ഇതെല്ലാം സഹിച്ച് ഇവിടങ്ങളിൽ ഇപ്പോഴും താമസിക്കുന്നുണ്ട്. മറ്റിടങ്ങളിൽ നടക്കാറുള്ളതുപോലെ നിർമാണ- പുനർനിർമാണ പ്രവൃത്തികളൊന്നും ജലീബ് മേഖലയിൽ നടക്കാറില്ല. പ്രവർത്തനരഹിതമായ സംവിധാനങ്ങളിൽ അറ്റകുറ്റ പണികൾ നടക്കാത്തതാണ് പ്രശ്നം കൂടുതൽ രൂക്ഷമാക്കുന്നത്.
സർക്കാറിെൻറ ഭാഗത്തുനിന്ന് പലപ്പോഴും വാഗ്ദാനങ്ങളുണ്ടായെങ്കിലും അതൊന്നും ഫലപ്രദമായി നടക്കാറില്ലെന്ന് ഖാലിദ് അൽ മുതൈരി പറഞ്ഞു. പ്രശ്നം ഗൗരവമായി കണ്ട് പരിഹരിച്ചില്ലെങ്കിൽ വൈകാതെ ജലീബ് മേഖല പകർച്ചവ്യാധികളുടെ ഉറവിട കേന്ദ്രമായി മാറുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.