ഡ്യൂട്ടിക്കിടെ യുവ വനിതാ ഡോക്ടർ വന്ദന ദാസ് അക്രമിയുടെ കൈയാൽ കൊല്ലപ്പെട്ട സംഭവം ആരുടെ മനസ്സിൽ നിന്നും പെട്ടെന്ന് മായാനിടയില്ല. ആ സംഭവം നടന്ന് കൃത്യം ഒരുവർഷം തികയുമ്പോൾ വീണ്ടും ഇതാ കൊല്‍ക്കത്തയില്‍ വനിത ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് കൊലപ്പെടുത്തുകയും ഉത്തരാഖണ്ഡില്‍ ജോലി കഴിഞ്ഞ് മടങ്ങിയ നഴ്സിനെ ബലാത്സംഗം ചെയ്തു കൊല്ലുകയും ചെയ്ത വാർത്തകൾ പുറത്തു വരുന്നു.
നിരവധി ആരോഗ്യ പ്രവര്‍ത്തകരാണ് ജോലിക്കിടെ ശാരീരികമായി ആക്രമിക്കപ്പെടുന്നത്. പലരും ഭീഷണിപ്പെടുത്തലിനും വാക്കാലുള്ള ആക്രമണത്തിനും ഇരകളുമാകുന്നു. ഇത്തരം സംഭവങ്ങൾ ആശങ്ക ഉളവാക്കുന്നതും ആരോഗ്യപ്രവർത്തകരുടെ മനോവീര്യം കെടുത്തുന്നതുമാണ്.
അക്രമങ്ങളിലെ പ്രതികൾ ഭൂരിഭാഗവും രോഗികളോ രോഗികളുടെ കൂടെയുള്ളവരോ ആണ്. ആശുപത്രികൾക്ക് പുറത്തുള്ള ആക്രമണവും ഇപ്പോൾ സ്ഥിരം കാഴ്ചയായി മാറുന്നു.
ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ ആവശ്യമാണ്. ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നത് സാമൂഹിക വിപത്തായി കണ്ടുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്ന കേസുകൾ മുൻഗണന നൽകി വിചാരണക്കെടുക്കണം.
പ്രതികൾക്ക് അതിവേഗം ശിക്ഷയുറപ്പാക്കണം. ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം. ജോലിസ്ഥലത്ത് വേണ്ടത്ര സുരക്ഷ ഒരുക്കണം. ആശുപത്രികളിൽ രാത്രിസമയത്ത് പൊലീസ് സുരക്ഷയും സി.സി.ടി.വി സംവിധാനവും ഏർപ്പെടുത്തുന്നത് ഒരു പരിധിവരെ അപകടം ഒഴിവാക്കാം. ചികിത്സ സംവിധാനത്തില്‍ ചികിത്സ നല്കുന്ന ആള്‍ക്ക് സംരക്ഷണം എന്നതിനും വളരെ പ്രാധാന്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.