കുവൈത്ത് സിറ്റി: രാജ്യത്തെ വിനോദസഞ്ചാര മേഖലയുടെ നവീകരണ സാധ്യതകൾ തേടി കുവൈത്ത്. ഇതിന്റെ ഭാഗമായി വേൾഡ് ടൂറിസം ഓർഗനൈസേഷനുമായി (ഡബ്ല്യു.ടി.ഒ) കുവൈത്ത് അധികൃതർ ചർച്ച നടത്തി. മഡ്രിഡിൽ നടന്ന അന്താരാഷ്ട്ര ടൂറിസം ട്രേഡ് ഫെയറിനിടെയായിരുന്നു ചർച്ച.
ടൂറിസം മേഖലയുടെ അസി. അണ്ടർ സെക്രട്ടറി സൗദ് അൽ ഖൽദി, സംഘടന സെക്രട്ടറി ജനറൽ സുറബ് പൊളോലികാഷ്വിലി, യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ (യു.എൻ.ഡബ്ല്യു.ടി.ഒ) മിഡിലീസ്റ്റ് റീജനൽ ഡയറക്ടർ ബസ്മ അൽ മെയ്മാൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ടൂറിസം മേഖലയിലെ നവീകരണത്തിനാവശ്യമായ കൂടിയാലോചന, വൈദഗ്ധ്യ കൈമാറ്റം, രാജ്യത്തിന്റെ ആവശ്യങ്ങൾ പരിശോധിക്കൽ എന്നിവക്കായി ഒരു പ്രതിനിധി സംഘത്തെ കുവൈത്തിലേക്ക് അയക്കൽ എന്നിവ ചർച്ചചെയ്തതായി അൽ ഖൽദി അറിയിച്ചു. വിനോദ സഞ്ചാര മേഖലയിലെ പരിശീലനം, ഹോട്ടൽ മേഖലയുടെ നവീകരണം, രാജ്യത്തിന്റെ വിനോദസഞ്ചാര സാധ്യതകളും വികസന മാർഗങ്ങളും പ്രോത്സാഹിപ്പിക്കൽ എന്നതിന് കുവൈത്തിൽ പ്രദർശനം സംഘടിപ്പിക്കുന്നതും ചർച്ച ചെയ്തു. രാജ്യത്തെ ടൂറിസം സാധ്യതകൾ വിലയിരുത്തി വികസിപ്പിക്കുന്നതിന് ചർച്ച ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.