കുവൈത്ത് സിറ്റി: ജോലിക്കിടെ രണ്ടു പൊലീസുകാരെ വാഹനമിടിപ്പിച്ചതായി പരാതി. അബ്ദുല്ല അൽ സാലിമിന് എതിർവശം സെക്കൻഡ് റിങ് റോഡിൽ അൽ ഹുബ്ബ് സ്ട്രീറ്റിലാണ് സംഭവം. കുവൈത്തി സ്ത്രീയാണ് ട്രാഫിക് പട്രോൾ ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിച്ചത്.
പതിവ് പരിശോധനക്കിടെ ഇവരെ തടഞ്ഞുനിർത്താൻ ശ്രമിച്ചതാണ് ഉദ്യോഗസ്ഥർ. പരിശോധനക്ക് വിധേയമാകാൻ ഇവർ വിസമ്മതിച്ചതോടെ വനിത സുരക്ഷ ഉദ്യോഗസ്ഥരുടെ സഹായം തേടി. ഇതോടെ പ്രകോപിതയായ കുവൈത്തി സ്ത്രീ ബോധപൂർവം രണ്ടു പൊലീസുകാരെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളയുകയായിരുന്നു. പൊലീസുകാർക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്നത് ആഭ്യന്തര മന്ത്രാലയം ഗൗരവത്തിലെടുത്തിട്ടുണ്ട്. പൊലീസ് പട്രോൾ ടീം സർവിസ് റിവോൾവറും അഞ്ചു ബുള്ളറ്റും കരുതണമെന്ന് ട്രാഫിക് സെക്ടർ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി നിർദേശം നൽകിയിരുന്നു.
ബാറ്റണും സ്റ്റൺ ഗണ്ണും കരുതണമെന്നും സ്വയംരക്ഷക്കായി ആദ്യം ഇവ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. വൈകുന്നേരത്തെ ഷിഫ്റ്റിൽ ഒറ്റക്ക് പോകാൻ പാടില്ല. കമാൻഡറും അസിസ്റ്റൻറ് കമാൻഡറുമുണ്ടാകണമെന്നും സർക്കുലറിൽ പറയുന്നു. പൊലീസിനെതിരായ ആക്രമണങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് സുരക്ഷ മുൻകരുതൽ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
അക്രമികളെ നേരിടാനായി സുരക്ഷ ഉദ്യോഗസ്ഥർക്ക് സ്റ്റൺ ഗണ്ണും കുരുമുളക് സ്പ്രേയും ലഭ്യമാക്കുമെന്നും ഇവയുടെ ഉപയോഗം സംബന്ധിച്ച് പരിശീലന കോഴ്സ് നടത്തുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കുവൈത്തിൽ സമീപ കാലത്ത് പൊലീസുകാർക്കെതിരായ അതിക്രമങ്ങൾ വർധിച്ചിട്ടുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ കുത്തേറ്റുമരിച്ചത് ജൂൺ 28നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.