കുവൈത്ത് സിറ്റി: ഫൈലക ദ്വീപിനെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി കുവൈത്തിലെ നാഷനൽ കൗൺസിൽ ഫോർ കൾചർ, ആർട്സ് ആൻഡ് ലെറ്റേഴ്സും (എൻ.സി.സി.എ.എൽ) വേൾഡ് മോണിമെന്റ്സ് ഫണ്ടും ധാരണപത്രത്തിൽ ഒപ്പുവച്ചു.
മാൻഹട്ടനിലെ വേൾഡ് മോണിമെന്റ്സ് ഫണ്ടിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ യു.എസിലെ കുവൈത്ത് അംബാസഡർ ശൈഖ അൽ സൈൻ അസ്സബയുടെ സാന്നിധ്യത്തിൽ എൻ.സി.സി.എ.എൽ സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ജസ്സാറും ഫണ്ടിന്റെ പ്രസിഡന്റും സി.ഇ.ഒയുമായ ബെനഡിക്റ്റ് ഡി മോണ്ട്ലറുമാണ് മെമ്മോറാണ്ടത്തിൽ ഒപ്പുവെച്ചത്.
4,200 വർഷം പഴക്കമുള്ള ഫൈലക ദ്വീപിന്റെ കുവൈത്തിലെയും ഗൾഫിലെയും ലോകത്തെയും പ്രാധാന്യം അൽ ജസ്സാർ സൂചിപ്പിച്ചു. അഞ്ചു വ്യത്യസ്ത നാഗരികതകളുടെ യുഗം കടന്നുപോയ ഇടമാണ് ദ്വീപ്. 34 വർഷം മുമ്പ് ഇറാഖി അധിനിവേശം നടക്കുന്നതുവരെ ഇവിടെ ജനവാസമുണ്ടായിരുന്നു. ദ്വീപിലെ പുരാവസ്തു സൈറ്റുകൾ സാംസ്കാരിക വിനോദസഞ്ചാര ആകർഷണമാക്കി മാറ്റുന്നതിനുള്ള പദ്ധതി നടന്നുവരിയാണെന്നും അൽ ജസ്സാർ വ്യക്തമാക്കി.
ഇന്റർനാഷനൽ കൗൺസിൽ ഓൺ സ്മാരക-സൈറ്റിന്റെ ശിപാർശ പ്രകാരമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്ന് എൻ.സി.സി.എ.എൽ പുരാവസ്തു, മ്യൂസിയം അസി. സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ റെധ പറഞ്ഞു. സാംസ്കാരിക പൈതൃകം സംരക്ഷിക്കാൻ കുവൈത്തിൽ നിരന്തര ശ്രമങ്ങൾ നടന്നുവരുന്നതായി യു.എസിലെ കുവൈത്ത് അംബാസഡർ ശൈഖ അൽ സെയ്ൻ അസ്സബാഹ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.