കേരള സ്റ്റോറി
കളവുകൾകൊണ്ട് സാമൂഹിക ഭിന്നിപ്പിന് ശ്രമിക്കുകയാണ് ‘കേരള സ്റ്റോറി’ എന്ന സിനിമയിലൂടെ സംഘ്പരിവാർ. ഇത്തരം കള്ളങ്ങൾകൊണ്ടാണ് അവർ എന്നും നേട്ടങ്ങളും അധികാരങ്ങളും കൈയേറുന്നത്. അത് തിരച്ചറിഞ്ഞ് പ്രതിരോധിക്കേണ്ടത് ഇന്ന് വലിയൊരു കടമയാണ്. ‘കേരള സ്റ്റോറി’ ചർച്ചചെയ്യുമ്പോൾ സംഘ്പരിവാറിന് തുല്യമായി കമ്യൂണിസ്റ്റുകളെയും കുറ്റപ്പെടുത്തണം. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന വി.എസ്. അച്യുതാനന്ദൻ നടത്തിയ പ്രസ്താവന ഒന്നാമത്തെ ഘടകമായി ഈ വിഷയത്തിൽ പരാമർശിക്കണം. പോളിറ്റ് ബ്യൂറോ അംഗമായിട്ടല്ല, ഒരു സംസ്ഥാന മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് വി.എസ് ആ അപകടകരമായ പരാമർശം നടത്തിയത്.
ഇതുവരെ ഇതു തിരുത്തിയതായോ തള്ളിപ്പറഞ്ഞതായോ അറിയില്ല. പിന്നീട് മറ്റൊരു സി.പി.എം നേതാവും ‘ലൗ ജിഹാദ്’ പാർട്ടി രേഖകളിലുണ്ടെന്ന് പറഞ്ഞു. കേരളത്തിൽ അടിത്തട്ടിൽ സംഘ്പരിവാർ അനുകൂല പ്രവർത്തനം കമ്യൂണിസ്റ്റുകാർ നടത്തുന്നുണ്ട് എന്നു ഞാൻ വിശ്വസിക്കുന്നു. കേരളത്തിൽ ബി.ജെ.പിക്ക് ബദലായ പ്രവർത്തനം സി.പി.എം നടത്തുന്നുണ്ട്. ഇത് തിരിച്ചറിയാൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയണം. ഇല്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതം നേരിടേണ്ടിവരും.
കേരളത്തെ രൂപവത്കരിക്കുന്നതിലും സാമൂഹിക, സാമ്പത്തിക മുന്നേറ്റത്തിനും പ്രവാസം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. പ്രവാസികളെ മാറ്റിനിർത്തി കേരളത്തിന്റെ ചരിത്രം പൂർത്തീകരിക്കുക സാധ്യമല്ല. ഉറ്റവരെയും നാടും വീടും വിട്ട് ദൂരങ്ങളിൽ കഴിഞ്ഞ പ്രവാസികൾ അയച്ച പണത്തിലാണ് ദയനീയമായ ഒരു ഘട്ടത്തിൽനിന്ന് കേരളം മുന്നോട്ടു കുതിച്ചത്. കേരളത്തിന്റെ സകലമാന പുരോഗതിക്കും പ്രവാസം അടിത്തറയിട്ടു.
പ്രവാസി സംഘടനകൾക്കും ഇതിൽ വലിയൊരു പങ്കുണ്ട്. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെ മുന്നോട്ടു ചലിപ്പിക്കുന്നതിൽ പ്രവാസി സംഘടനകൾ വലിയ സംഭാവന നൽകുന്നു. നാട്ടിലെ പല ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും നട്ടെല്ല് തന്നെ ഇത്തരം സംഘടനകൾ നൽകുന്ന സംഭാവനകളിൽനിന്നാണ്. എല്ലാ സംഘടനകളും ഇതിൽ സജീവമാണ്.
ലിബറലിസം എന്ന വാക്കു തന്നെ പ്രശ്നമാണ്. വ്യക്തികളുടെ ചിന്തകൾക്ക് മുൻതൂക്കം നൽകുന്ന ലിബറലിസത്തിൽ സമൂഹം എന്ന ആലോചനയില്ല. വ്യക്ത്യാധിഷ്ഠിതമാണ് എന്നു പറയുന്നുണ്ടെങ്കിലും അതിൽ തീരുമാനമെടുക്കുന്നത് സ്റ്റേറ്റും മറ്റു ഏജൻസികളുമാണെന്ന് കാണാനാകും. പുരോഗമനത്തിന്റെ മേൽക്കുപ്പായമിട്ട് സമൂഹത്തിൽ ഇത് അടിച്ചേൽപിക്കാനാണ് പലപ്പോഴും ശ്രമം നടക്കാറുള്ളത്. ലിബറലിസം എത്രയാകാം എന്നാണ് പലരും ചർച്ച ചെയ്യുന്നത്. എന്നാൽ കൂടിയോ കുറഞ്ഞോ എന്നതിലല്ല, എത്ര ആയാലും അത് പ്രശ്നമാണ്. ലിബറലിസം എന്ന ആശയത്തിന്റെ ഭാഗമായാണ് സ്വതന്ത്ര ലൈംഗിക വാദം ഉൾപ്പെടെ സാമൂഹിക വിരുദ്ധമായ പലതും രൂപപ്പെടുന്നത്.
കാപിറ്റലിസം ലിബറലിസത്തിന്റെ സാമ്പത്തിക കോൺസപ്റ്റാണ്. സ്വന്തം സുഖാനുഭൂതികൾക്ക് മുൻതൂക്കം നൽകുക എന്നാണ് ലിബറലിസത്തിന്റെ ചിന്ത. അപരന്റെ സങ്കടത്തെ കുറിച്ചോ വേദനയെക്കുറിച്ചോ ചിന്തിക്കാതെ എങ്ങനെയാണ് മനുഷ്യന് സാമൂഹിക ജീവിയായി മുന്നോട്ടുപോകാനാകുക. കമ്യൂണിസം ഉയർത്തിപ്പിടിക്കുന്ന ആശയമാണ് ലിബറലിസം. എന്നാൽ, ലിബറലിസം കൊണ്ട് തോറ്റുപോയ ഒരുപാട് രാജ്യങ്ങളുണ്ട്. മൂല്യങ്ങളെയും സംസ്കാരങ്ങളെയും കുറിച്ച് ഇവർക്ക് ഒട്ടും ബോധ്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.