ദേശാടനം നടത്തുന്ന ഒരിനം താറാവാണ് വെള്ളക്കണ്ണി എരണ്ട. കുവൈത്തിലേക്ക് ദേശാടകരായി വന്ന് ഇവിടെ പ്രജനനം നടത്തുന്ന ചുരുക്കം കിളികളിൽ ഒന്നാണ് ഈ താറാവ്. കൂട്ടമായി എത്തുന്ന ഇവ ശൈത്യകാലത്തോടെ കുവൈത്തിൽ എത്തുകയും കൂടുകൂട്ടി പ്രജനനം നടത്തി വേനലിന്റെ ആദ്യ പകുതിയോടെ പുതിയ തലമുറയുമായി തിരിച്ച് യൂറോപ്യൻ ഭൂഖണ്ഡത്തിലേക്ക് പോകുകയും ചെയ്യുന്നു.
ഐ.യു.സി.എന്നിന്റെ റെഡ് ലിസ്റ്റ് അനുസരിച്ച് സംരക്ഷണനില സമീപഭാവിയിൽ ഭീതിജനകമായ നിലയിലുള്ള പക്ഷിയാണിവ. അടുത്തിടെ നടത്തിയ ചില സംരക്ഷണ പദ്ധതികൾ പ്രകാരം ഇവ തിരിച്ചുവരവിന്റെ പാതയിലാണ്.
തവിട്ടു കലർന്ന തുരുമ്പിന്റെ നിറമാണിവക്ക്. ഫെറുജീനസ് ഡക്ക് (Ferruginous Duck ) എന്ന ഇംഗ്ലീഷ് നാമത്തിന്റെ അർഥവും തുരുമ്പിന്റെ നിറമുള്ളത് എന്നാണ്. വാലിന്റെ താഴെ ത്രികോണാകൃതിയിൽ ഉള്ള വെള്ള നിറം ഇവയുടെ പ്രത്യേകതയാണ്. ആൺപക്ഷികൾക്ക് മങ്ങിയ മഞ്ഞ നിറത്തിലുള്ള കണ്ണുകളാണ്. ഇതാണ് പെൺ പക്ഷികളിൽനിന്ന് ഇവയെ തിരിച്ചറിയാനുള്ള എളുപ്പ മാർഗം. ഇടത്തരം വലുപ്പം മാത്രമുള്ള താറാവാണിവ.
മുങ്ങാംകുഴിയിടുന്ന താറാവുകളിൽ പെട്ട വെള്ളക്കണ്ണി എരണ്ട ഇതേ ഇനത്തിൽ പെട്ട താറാവുകളുടെ കൂടെ മാത്രമേ സഞ്ചരിക്കാറുള്ളൂ. അപൂർവമായി കടൽകാക്കകൾക്കൊപ്പവും ഇവ കോളനി രൂപവത്കരിച്ച് കൂട്ടുകൂടാറുണ്ട്. വെള്ളത്തിൽ പൂർണമായി മുങ്ങിയാണ് ഇരതേടുന്നത്. അധികം താഴ്ചയില്ലാത്ത തടാകങ്ങളിലും ചതുപ്പുകളിലുമാണ് ഇവയെ സാധാരണയായി കാണുന്നത്. ശുദ്ധജല വാസികൾ ആണെങ്കിലും ദേശാടനവേളയിൽ കായലും കടലും ഇടത്താവളമാകാറുണ്ട്.
മറ്റിനം താറാവുകളെ പോലെ ദേശാടനവേളയിൽ ഇവയെ വൻതോതിൽ വേട്ടയാടാറുണ്ട്. വിവിധ രാജ്യങ്ങളിൽ ഇപ്രകാരം നൂറുകണക്കിന് വെള്ളക്കണ്ണി എരണ്ടകൾ തോക്കിനിരയാകാറുമുണ്ട്.
ആഫ്രിക്കൻ യൂറേഷ്യൻ ദേശാടനപ്പക്ഷി ഉടമ്പടി ബാധകമായ പക്ഷിയാണ് വെള്ളക്കണ്ണി എരണ്ട. ഇത് പരിധിവരെ ഈ നിയമങ്ങൾ പാലിക്കുന്ന രാജ്യങ്ങളിൽ ഇവക്ക് സംരക്ഷണം ഒരുക്കുന്നു. Aythya nyroca എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം.
കുവൈത്തിൽ ജഹ്റയിലെ ജഹ്റപൂൾ റിസർവിലാണ് ഇവ പ്രജനനം നടത്തുന്നത്. ഇവിടെ തന്നെയാണ് മുഖ്യമായും കാണാറ്. ജലശുദ്ധീകരണ ശാലകളിലെയും ഫാമുകളിലെയും ചെറിയ തടാകങ്ങളിൽ കാണാറുണ്ടെകിലും വേട്ടക്കാരുടെ ശല്യം കാരണം ഇവ അവിടങ്ങളിൽ അധികം തങ്ങാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.