കുവൈത്ത് സിറ്റി: വെള്ളപ്പൊക്കത്തിൽ വലിയ ദുരന്തം നേരിടുന്ന കിഴക്കൻ സുഡാനിലെ ടോക്കർ നഗരത്തിൽ സഹായമെത്തിച്ച് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്). ഇവിടെ 137 കുടുംബങ്ങൾക്ക് സഹായവസ്തുക്കൾ വിതരണം ചെയ്തതായി കെ.ആർ.സി.എസ് അറിയിച്ചു.
ദുരിത മേഖല സന്ദർശിച്ചതായും സുഡാനിലെ കുവൈത്ത് അംബാസഡർ ഡോ. ഫഹദ് അൽ ദാഫിരി, മിഷൻ അംഗങ്ങൾ എന്നിവരുടെ പിന്തുണയിൽ സഹായങ്ങൾ വിതരണം ചെയ്തതായും സുഡാനിലെ കെ.ആർ.സി.എസ് പ്രതിനിധി സംഘ തലവൻ അബ്ദുൽറഹ്മാൻ അൽ സലേഹ് പറഞ്ഞു.
കുവൈത്ത് സഹായത്തിൽ 10 ബോട്ടുകൾ, നാലു വലിയ വാട്ടർ പമ്പുകൾ, കീടനാശിനി യന്ത്രങ്ങൾ, മറ്റു അവശ്യ വസ്തുക്കൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സഹായം 50,000 ത്തോളം ജനങ്ങളുള്ള നഗരത്തിൽ ദുരന്തത്തിന്റെ തീവ്രത ലഘൂകരിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സുഡാൻ ജനതക്ക് പിന്തുണയും സഹായവും തുടർന്നും നൽകുമെന്നും അബ്ദുൽറഹ്മാൻ അൽ സലേഹ് പറഞ്ഞു.
പോർട്ട് സുഡാനിൽ നിന്ന് 175 കിലോമീറ്റർ അകലെയാണ് ടോക്കർ സ്ഥിതി ചെയ്യുന്നത്. കനത്ത മഴയുടെ ഫലമായി ബറക നദി കരകവിഞ്ഞൊഴുകിയതോടെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനാണ് ഈ നഗരം സാക്ഷിയായത്. റോഡുകൾ തകരുകയും വീടുകൾ വെള്ളത്താൽ ചുറ്റപ്പെടുകയും ചെയ്തതോടെ സഹായത്തിന്റെ അഭാവം മൂലം വൻ ദുരിതത്തിലാണ് ഈ മേഖലയിലുള്ളവർ. ആഭ്യന്തര യുദ്ധത്തിനൊപ്പം വെള്ളപ്പൊക്കവും എത്തിയതോടെ ജനങ്ങൾ തീർത്തും പ്രയാസത്തിലാണ്.
അതേസമയം, സുഡാനിലെ ആഭ്യന്തര യുദ്ധത്താലും ഉപരോധത്താലും വടക്കൻ സംസ്ഥാനമായ ദാർഫുറിലെ തവില പട്ടണത്തിൽ പ്രതിദിനം 10 കുട്ടികളെങ്കിലും പട്ടിണി മൂലം മരിക്കുന്നതായാണ് റിപ്പോർട്ട്. മലേറിയ, മീസിൽസ്, വില്ലൻ ചുമ എന്നിവയും പടരുന്നുണ്ട്. പതിനായിരക്കണക്കിന് പേരാണ് ഇവിടെ നിന്ന് പലായനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.