കുവൈത്ത് സിറ്റി: കൊയ്ത്തൊഴിഞ്ഞ പാടത്തും നാട്ടുവഴികളിലും പറമ്പിലും പൊടിപറത്തി കളിച്ചു രസിച്ചിരുന്ന നാടൻ പന്തുകളിക്ക് ഇങ്ങ് കുവൈത്തിലും ആരാധകരുണ്ട്. കളിക്കാരും കാണികളുമുണ്ട്. മത്സരങ്ങളുമുണ്ട്. അവധി ദിവസങ്ങളിൽ വൈകീട്ട് അബ്ബാസിയയിൽ എത്തിയാൽ ഈ കളികാണാം. കോട്ടയം ജില്ലക്കാരുടെ കായിക ആവേശമായ നാടൻ പന്തുകളി കടൽകടന്ന് കുവൈത്തിന്റെ മണ്ണിൽ എത്തിയിട്ട് വർഷങ്ങളായി. അടുത്തിടെ ഔദ്യോഗികമായി മത്സരങ്ങളും തുടങ്ങി. ചെറിയ രൂപത്തിൽ തുടങ്ങിയ നാടൻ പന്തുകളി ഇന്ന് കുവൈത്തിൽ നിരവധി അംഗങ്ങളും കളിക്കാരുമുള്ള വലിയൊരു കൂട്ടായ്മയാണ്.
ഏകദേശം 400 വർഷം പഴക്കം പറയാൻ സാധിക്കുന്ന കായിക ഇനമാണ് നാടൻ പന്തുകളി. ഇപ്പോഴുള്ള ഫുട്ബാളുമായി നാടൻ പന്തുകളിക്ക് ഒരു ബന്ധവുമില്ല. ഈ കളിയിൽ ഗോൾ പോസ്റ്റും ഗോളിയുമില്ല. ചെറിയ പന്താണ് കളിക്കാൻ ഉപയോഗിക്കുക. 55 മീറ്റര്‍ നീളവും 22 മീറ്റര്‍ വീതിയുമുള്ള ദീര്‍ഘചതുരാകൃതിയാണ് കളിക്കളത്തിന്. അതിര്‍ത്തികള്‍ കുമ്മായംകൊണ്ട് അടയാളപ്പെടുത്തും. രണ്ടു ടീമുകളിലായാണ് മത്സരം. ഓരോ ടീമിലും ഏഴുപേരു വീതം ഉണ്ടായിരിക്കും. കൈയും കാലുമുപയോഗിച്ചാണ് കളി. ഗ്ലൗസോ ഷൂസോ ഉപയോഗിക്കുന്നില്ല. ഗ്രാമ്യമായ പദങ്ങളാണ് കളിയുടെ ഓരോ ഘട്ടത്തിലും ഉപയോഗിക്കുന്നത്.
ഒന്നാമത്തെ ടീം കളിക്കളത്തിലെ ചെറിയ കളത്തിൽനിന്ന് സെര്‍വ് ചെയ്യുകയും (കൈവെട്ട് )ഇതേസമയം രണ്ടാമത്തെ ടീം കാലുകൊണ്ട് തൊഴിച്ചും കൈകൊണ്ട് പിടിച്ചും അടിച്ചും പ്രതിരോധിക്കുന്നതുമാണ് കളിയുടെ രീതി. തുടർന്ന് രണ്ടാമത്തെ ടീമും സെര്‍വ് ചെയ്യും. വിവിധ നിയമങ്ങളും രീതികളും ഇതിൽ എല്ലാം ഉണ്ട്. കൂടുതൽ പോയന്റ് നേടുന്നവർ വിജയികളാകും. കുവൈത്തിൽ കോട്ടയം ഡിസ്ട്രിക്റ്റ് അസോസിയേഷനാണ് 2019 ൽ നാടൻ പന്തുകളി മത്സരത്തിന് തുടക്കമിട്ടത്. അന്ന് മണർകാട്, പേരൂർ, വെള്ളൂർ, മീനടം എന്നീ ടീമുകൾ പങ്കെടുത്തു. വൈകാതെ കുവൈത്ത് കേരള നേറ്റിവ് ബാൾ ഫെഡറേഷൻ (കെ.കെ.എൻ.ബി.എഫ്) എന്ന സംഘടന രൂപവത്കരിക്കുകയും ചെയ്തു. ചെയർമാനായി സാം നന്ത്യാട്ടും പ്രസിഡന്റായി ഷാജി കുഴിമറ്റവും മറ്റു ഭാരവാഹികളായി അലക്സ്, ജോയൽ എന്നിവരും സംഘടനയെ നയിച്ചു.
വർഷങ്ങൾക്കിപ്പുറം 70 അംഗങ്ങളുള്ള സംഘടനയായി കെ.കെ.എൻ.ബി.എഫ് വളർന്നു. പുതിയ ടീമുകളും കളിക്കാരും സംഘടനയിൽ എത്തി. വർഷത്തിൽ നാല് ടൂർണമെന്റുകൾ സംഘടിപ്പിച്ചു വരുന്നു. സാം നന്ത്യാട്ട്, സക്കറിയ, എബ്രഹാം, ജോബിൻ വടക്കേടത്ത് എന്നിവരാണ് നിലവിൽ സംഘടന ഭാരവാഹികൾ. മറ്റ് ഗൾഫ് രാജ്യങ്ങളിലും നാടൻ പന്തുകളി വ്യാപിക്കുകയും ജി.കെ.എൻ.ബി.എ എന്ന സംഘടന രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്.
ബഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത്, ദുബൈ എന്നീ രാജ്യങ്ങൾ സംഘടനയുടെ ഭാഗമാണ്. ബഹ്റൈനിൽ ജി.സി.സി തലത്തിൽ മത്സരം സംഘടിപ്പിക്കുകയും ഉണ്ടായി. ഏഴു ടീമുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ടീം ജേതാക്കളായി. കുവൈത്ത് അബ്ബാസിയയിൽ അവധി ദിവസങ്ങളിൽ വൈകീട്ട് എത്തിയാൽ ഈ നാടൻ പന്തുകളി കാണാം. കേരളത്തിന്റെ നാട്ടിന്‍പുറങ്ങളില്‍ ഒരുകാലത്ത് ആവേശമായിരുന്ന വിനോദം, ഒരുപാട് ദേശങ്ങൾക്കിപ്പുറം അതേ ആവേശത്തോടെ ഇവർ നിലനിർത്തിപോരുന്നു. കാലത്തിന്റെ കുത്തൊഴുക്കിനെയും കായിക-വിനോദങ്ങളിലെ പരിഷ്കാരങ്ങളെയും അതിജീവിച്ച് കളത്തിൽ ഒരു ചെറുപന്ത് ഉയർന്നുപൊങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.