കുവൈത്ത് സിറ്റി: വടക്കൻ കുവൈത്തിൽനിന്ന് മിന അൽ അഹ്മദി വരെ നീളുന്ന 40 ഇഞ്ച് വലുപ്പമുള്ള തന്ത്രപ്രധാനമായ ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിയുമായി കുവൈത്ത് ഓയിൽ കമ്പനി (കെ.ഒ.സി). പ്രാദേശിക വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനു പ്രകൃതി വാതക ഉൽപാദനം വർധിപ്പിക്കാനാണ് പദ്ധതിയെന്ന് കെ.ഒ.സി അറിയിച്ചു.
140 കിലോമീറ്റർ ദൈർഘ്യമുള്ള ലൈനിന്റെ ശേഷി 900 ദശലക്ഷം സ്റ്റാൻഡേഡ് ക്യുബിക് അടിയാണ്. വടക്കൻ കുവൈത്തിലെ ഗ്യാസ് ബൂസ്റ്റർ സ്റ്റേഷൻ 132ൽനിന്ന് ആരംഭിച്ച് രാജ്യത്തിന്റെ വടക്കും തെക്കുമുള്ള ഗ്യാസ്, കണ്ടൻസേറ്റ് വേർതിരിക്കൽ സൗകര്യങ്ങളിലൂടെ കടന്ന് മിന അൽ അഹ്മദി റിഫൈനറിയിൽ എത്തും.
എണ്ണ, വാതക ഉൽപാദനം വർധിപ്പിക്കാനും ഹൈഡ്രോകാർബൺ വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ‘2040 പദ്ധതിക്ക്’ പൈപ്പ് ലൈൻ സഹായിക്കുമെന്ന് കെ.ഒ.സി വ്യക്തമാക്കി.
ആഗോള വിപണികളുടെ ആവശ്യകതകളും പ്രാദേശിക ആവശ്യകതകളും കണക്കിലെടുത്ത് സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ ഉയർന്ന നിലവാരം പുലർത്തിയാണ് പദ്ധതി യാഥാർഥ്യമാക്കുക. കുവൈത്ത് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനിയുടെ (കെ.ഐ.പി.ഐ.സി) അൽ സൂർ റിഫൈനറിയിലേക്ക് എണ്ണയും വാതകവും കൊണ്ടുപോകുന്നതിനായി കെ.ഒ.സി അടുത്തിടെ എട്ടു പൈപ്പ് ലൈനുകൾ പ്രവർത്തിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. ഇത് 450 കിലോമീറ്റർ വരെ നീളത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.