കുവൈത്ത് സിറ്റി: സമൂഹ മാധ്യമ സൈറ്റുകൾക്കും വാർത്ത സേവന പോര്‍ട്ടലുകള്‍ക്കും ശക്തമായ മുന്നറിയിപ്പ് നൽകി കുവൈത്ത് സര്‍ക്കാര്‍. മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും സ്വീകരിച്ച നടപടികളെക്കുറിച്ച് അടുത്തിടെ പ്രസിദ്ധീകരിച്ച അടിസ്ഥാനരഹിതമായ റിപ്പോർട്ടുകൾ മന്ത്രിസഭ യോഗം ചൂണ്ടിക്കാട്ടി.
കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയ സര്‍ക്കാര്‍ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ പിന്തുടരാൻ ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വ്യക്തമാക്കി.
പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് ഫിലിപ്പീൻ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഫലങ്ങൾ മന്ത്രിസഭയെ ധരിപ്പിച്ചു. ഗാർഹിക തൊഴിൽ കാര്യങ്ങളുമായി ബന്ധപ്പെട്ട സംയുക്ത സമിതി രൂപീകരിക്കാൻ ധാരണയായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ വൈദ്യുതി സംവിധാനത്തെക്കുറിച്ച് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ, ഭവനകാര്യ സഹമന്ത്രി ഡോ. മഹമൂദ് ബുഷെഹ്രി വിശദീകരിച്ചു. വൈദ്യുതി ഉപഭോഗം വെട്ടിക്കുറക്കാനുള്ള ആഹ്വാനങ്ങളോട് സഹകരിച്ച പൗരന്മാർക്കും താമസക്കാർക്കും മന്ത്രിമാർ നന്ദിയും അഭിനന്ദനവും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.