കുവൈത്ത് സിറ്റി: പ്രവാസലോകത്ത് വാർത്തകളും വാർത്ത വിശേഷങ്ങളുമായി കാൽനൂറ്റാണ്ട് പിന്നിടുന്ന ‘ഗൾഫ് മാധ്യമം’ രജത ജൂബിലിക്ക് കുവൈത്തിൽ ഉജ്ജ്വല അടയാളപ്പെടുത്തൽ. ‘ഗൾഫ് മാധ്യമ’ത്തിന്റെ 25 വാർത്തവർഷങ്ങൾ മലയാളിയെയും മലയാളത്തെയും എത്രമാത്രം ചേർത്തുനിർത്തുന്നു എന്നതിന്റെ നേർസാക്ഷ്യമായി വെള്ളിയാഴ്ച കുവൈത്തിലെ സായാഹ്നം.
രജത ജൂബിലി ആഘോഷ ഭാഗമായി ഒരുക്കിയ ശിഫ അൽ ജസീറ ഗ്രൂപ് പ്രസന്റ്സ് മാംഗോ ഹൈപ്പർ ‘ഇളനീർ’ ‘ഗൾഫ് മാധ്യമ’ത്തിന്റെ വിജയകഥകളുടെ അടയാളപ്പെടുത്തലിനൊപ്പം കേരളത്തിന്റെ ചരിത്രവും വർത്തമാനവും സൂക്ഷ്മമായി വിലയിരുത്തുന്ന ചർച്ചവേദിയും മധുരമൂറുന്ന ഗാനങ്ങളുടെ സംഗമവേദിയുമായി.
ഹവല്ലി അമേരിക്കൻ ഇന്റർനാഷനൽ സ്കൂളിൽ രജത ജൂബിലി ആഘോഷം കുവൈത്തിലെ ഇന്ത്യൻ അംബാസർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു. കുവൈത്ത് വാർത്തവിനിമയ മന്ത്രാലയം ഡയറക്ടർ മൻസൂർ റാശിദ് അൽ റൈഹാൻ, അഡ്വ. മുഫൈരിഹ് ഹമദ് ഹുസൈൻ അൽ റശീദി, ശിഫ അൽജസീറ ഹെഡ് ഓഫ് ഓപറേഷൻ അസിം സേട്ട് സുലൈമാൻ എന്നിവർ ആശംസകൾ നേർന്നു.
ഗൾഫ് മാധ്യമം മിഡിലീസ്റ്റ് ഓപറേഷൻ ഡയറക്ടർ സലിം അമ്പലൻ ഗൾഫ് മാധ്യമത്തെക്കുറിച്ച ലഘുവിവരണം നൽകി. മാംഗോ ഹൈപ്പർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റഫീഖ് അഹമ്മദ്, ഗ്രാൻഡ് ഹൈപ്പർ ഡയറക്ടർ അയ്യൂബ് കച്ചേരി, എം.എം ഗ്രൂപ് ഓഫ് കമ്പനി ചെയർമാൻ ആബിദ്, ജോയ് ആലുക്കാസ് ജ്വല്ലറി കൺട്രി ഹെഡ് വിനോദ്, നിയാസ് ഇസ്‍ലാഹി, സിജിൽ ഖാൻ, സി.കെ. നജീബ് എന്നിവർ വേദിയിലെത്തി.
തുടർന്ന് ‘എന്റെ സ്വന്തം കേരളം പറയുന്നതും പറയേണ്ടതും’ സംവാദ സദസ്സിൽ മാധ്യമം ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, നടനും സംവിധായകനും എഴുത്തുകാരനുമായ മധുപാൽ, എഴുത്തുകാരൻ കെ.കെ. ബാബുരാജ്, മാധ്യമപ്രവർത്തകൻ നിഷാദ് റാവുത്തർ എന്നിവർ കേരളത്തിന്റെ ചരിത്ര, വർത്തമാനകാല വിലയിരുത്തലുകൾ അവതരിപ്പിച്ചു.
ഗൾഫ് മാധ്യമം എഡിറ്റോറിയൽ ഹെഡ് സാലിഹ് കോട്ടപ്പള്ളി സ്വാഗതം പറഞ്ഞു. പിന്നണിഗായിക സിതാരയും മിഥുൻ ജയരാജും ബൽറാമും അവതരിപ്പിച്ച മധുരമൂറുന്ന ഗാനങ്ങൾ കേരളത്തിന്റെ സുന്ദര സംഗീത പാരമ്പര്യത്തിന്റെ പുനരാവിഷ്കാരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.