കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് ഗോൾഡൻ ജൂബിലി ഉദ്ഘാടന സമ്മേളനം സംഘടിപ്പിച്ചു. 'പ്രകാശം പരത്തി അരനൂറ്റാണ്ട്' തലക്കെട്ടിൽ ഒരുവർഷം നീളുന്ന പരിപാടികൾക്കാണ് തുടക്കമായത്. സമ്മേളനം ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.
മത-സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യ മേഖലയിൽ ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ച് കേരള ഇസ്ലാമിക് ഗ്രൂപ് അരനൂറ്റാണ്ട് പിന്നിട്ടത് അഭിമാനകരമാണെന്നും കൂടുതൽ മികവോടെ പ്രവർത്തിക്കാൻ സുവർണ ജൂബിലി ഊർജം പകരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും ചേർത്തുനിർത്തുന്ന കെ.ഐ.ജിയുടെ മാതൃക ജനങ്ങളെ ഭിന്നിപ്പിച്ച് ഫാഷിസം പിടിമുറുക്കുന്ന സമകാലിക സാഹചര്യത്തിൽ സമൂഹമാകെ പിന്തുടരേണ്ടതാണ്. തിന്മയെ നന്മകൊണ്ട് എതിരിടുന്ന ഇസ്ലാമിക മാതൃകയാണ് കെ.ഐ.ജി സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'സമകാലിക ഇന്ത്യയുടെ വർത്തമാനം' വിഷയത്തിൽ മീഡിയവൺ ന്യൂസ് എഡിറ്റർ എസ്.എ. അജിംസ് പ്രഭാഷണം നടത്തി. നുണപ്രചാരണങ്ങളിലൂടെ ഫാഷിസ്റ്റുകൾ വംശഹത്യക്ക് കളമൊരുക്കുകയാണെന്നും മികച്ച രീതിയിൽ ഇതിനെ പ്രതിരോധിച്ചില്ലെങ്കിൽ രാജ്യം വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതം പറഞ്ഞു. മനാഫ് പുറക്കാട് 'ഖുർആനിൽനിന്ന്' അവതരിപ്പിച്ചു.
ഗോൾഡൻ ജൂബിലി ലോഗോ പ്രകാശനം കുവൈത്ത് പാർലമെന്റ് അംഗം ഉസാമ അൽ ഷഹീൻ നിർവഹിച്ചു. അബ്ദുല്ല ഹൈദർ, മുബാറക് അൽ മുത്തവ്വ, കെ.ഐ.ജി മുൻ പ്രസിഡന്റുമാരായ സക്കീർ ഹുസൈൻ തുവ്വൂർ, ഫൈസൽ മഞ്ചേരി, വനിത വേദിയായ ഇസ്ലാമിക് വിമൻസ് അസോസിയേഷൻ പ്രസിഡന്റ് മെഹ്ബൂബ അനീസ് എന്നിവർ സംസാരിച്ചു.
ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ, കെ.ഐ.ജി മുൻ പ്രസിഡന്റുമാരായ പി.കെ. ജമാൽ, എൻ.കെ. അഹ്മദ്, കെ.എ. സുബൈർ എന്നിവർ ഓൺലൈനായി യോഗത്തെ അഭിസംബോധന ചെയ്തു. സെക്രട്ടറി പി.ടി. ഷാഫി നന്ദി പറഞ്ഞു. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ സമ്മേളനം അനുശോചനം രേഖപ്പെടുത്തി. കെ.ഐ.ജിയുടെ 50 വർഷത്തെ പ്രധാന പ്രവർത്തനങ്ങളുടെ വിഡിയോ പ്രദർശനവും ആശംസകൾ അറിയിച്ചുള്ള ആനിമേഷൻ പ്രദർശനവും ഉണ്ടായിരുന്നു.
സാമൂഹിക സാംസ്കാരിക ബിസിനസ് രംഗത്തെ പ്രമുഖരായ മാത്യൂസ് വർഗീസ്, ഡോ. അമീർ അഹ്മദ്, ഖലീൽ അടൂർ, എബി വാരിക്കാട്, അപ്സര മഹ്മൂദ്, ഡോ. രമേശ് ആനന്ദദാസ്, ഇബ്രാഹിം കുന്നിൽ, സുബൈർ മുസ്ലിയാരകത്ത്, ബാബുജി ബത്തേരി, മുഹമ്മദ് ഹാരിസ് ലുലു, കൃഷ്ണൻ കടലുണ്ടി, മഹബൂബ അനീസ്, ആശ ദൗലത്ത്, സജീവ് നാരായണൻ, മുസ്തഫ ക്വാളിറ്റി, അഫ്സൽ ഖാൻ, ഗാലിബ് മശ്ഹൂർ തങ്ങൾ, ഹംസ പയ്യന്നൂർ, ഷറഫുദ്ദീൻ കണ്ണേത്ത്, ഷഫാസ്, റഷീദ് തക്കാര, ബഷീർ ബാത്ത, അനിയൻകുഞ്ഞ്, സിദ്ദീഖ് വലിയകത്ത്, സത്താർ കുന്നിൽ, ഷബീർ ഫ്രൈഡേ ഫോറം, വി.പി. മുകേഷ്, അൻവർ സയീദ്, ഉസാമ അബ്ദുൽ റസാഖ്, എൻ.പി. അബ്ദുൽ റസാഖ് എന്നിവർ പങ്കെടുത്തു.
കുവൈത്ത് സിറ്റി: കെ.ഐ.ജി ഗോൾഡൻ ജൂബിലിയുടെ ഉപഹാരമായി പ്രഖ്യാപിച്ചത് നിരവധി പദ്ധതികൾ. 50 വീടുകൾ, അഞ്ച് കുടിവെള്ള പദ്ധതി, രണ്ട് ക്ലിനിക്ക്, 50 അനാഥക്കുട്ടികൾക്ക് വാർഷിക വിദ്യാഭ്യാസ സഹായം, 50 പേർക്ക് തൊഴിൽ ഉപകരണം, 50 വീൽചെയർ, 50 സാമൂഹിക പ്രവർത്തകർക്ക് ആദരം തുടങ്ങിയ ഉപഹാരങ്ങളാണ് പ്രഖ്യാപിച്ചത്.
ഗോൾഡൻ ജൂബിലി സുവനീർ, ഡോക്യുമെന്ററി, കലാകായിക പരിപാടികൾ, നാട്ടിൽ മുൻ പ്രവാസി സംഗമം, ഫോട്ടോഗ്രഫി മത്സരവും തിരഞ്ഞെടുത്ത 50 ഫോട്ടോകളുടെ പ്രദർശനവും, അഖില കുവൈത്ത് ഖുർആൻ പാരായണ മത്സരം തുടങ്ങി അമ്പതിലേറെ പരിപാടികൾ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.