കുവൈത്ത് സിറ്റി: വിദ്വേഷ പരാമർശങ്ങളും മതനിന്ദയും ഇന്ത്യയുടെ നയമല്ലെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് പ്രതികരിച്ചു. ഇന്ത്യയിലെ ബി.ജെ.പി വക്താവിന്റെ പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തോട് പ്രതികരണം അറിയിക്കുകയായിരുന്നു അദ്ദേഹം. ചില വ്യക്തികൾ നടത്തിയ ആക്ഷേപകരമായ ട്വീറ്റുകൾ ഒരു നിലക്കും ഇന്ത്യൻ സർക്കാറിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല. അപകീർത്തികരമായ പരാമർശം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
നാഗരിക പൈതൃകത്തിനും നാനാത്വത്തിൽ ഏകത്വം എന്ന തത്ത്വത്തിനും അനുസൃതമായി ഇന്ത്യ ഗവൺമെന്റ് എല്ലാ മതങ്ങൾക്കും ഉയർന്ന ബഹുമാനം നൽകുന്നു. ഏതെങ്കിലും മത വ്യക്തിത്വത്തെ അപമാനിക്കുകയോ ഏതെങ്കിലും മതത്തെയോ വിഭാഗത്തെയോ അവഹേളിക്കുകയോ ചെയ്യുന്ന പരാമർശങ്ങൾക്കെതിരെ ബന്ധപ്പെട്ട അധികൃതർ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾ ഉപയോഗിച്ച് ഇന്ത്യ-കുവൈത്ത് ബന്ധങ്ങൾക്ക് വിള്ളലേൽപിക്കാൻ നിക്ഷിപ്ത താൽപര്യക്കാർ ശ്രമിക്കുന്നു. നമ്മുടെ ഉഭയകക്ഷി ബന്ധത്തിന്റെ ശക്തി കുറക്കാൻ ലക്ഷ്യമിടുന്ന ഇത്തരം ശ്രമങ്ങൾക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അംബാസഡർ പറഞ്ഞതായി എംബസി വക്താവ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.