കുവൈത്തിലെത്തിയ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽ സീസി, ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ എന്നിവർ അമീര്‍ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെ ആശ്വസിപ്പിക്കുന്നു
കുവൈത്ത് സിറ്റി: മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ വിയോഗത്തിൽ അനുശോചനം രേഖപെടുത്താൻ കൂടുതൽ രാഷ്ട്രതലവന്മാരും പ്രതിനിധികളും കുവൈത്തിലെത്തി. അമീര്‍ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, ശൈഖ് നാസർ അൽ മുഹമ്മദ് അൽ അഹമ്മദ് അസ്സബാഹ്, ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ്, ശൈഖ് സബാഹ് അൽ ഹമദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, മറ്റു സഹാബ് കുടുംബാംഗങ്ങൾ എന്നിവരെ രാഷ്ട്രതലവൻമാർ അനുശോചനം അറിയിച്ചു.
സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പ്രതിനിധി സംഘവും അമീര്‍ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെയും രാജകുടുംബത്തെയും തന്റെയും രാജ്യത്തിന്റെയും അനുശോചനം അറിയിച്ചു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും പ്രതിനിധിസംഘവും കുവൈത്തിലെത്തി. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ എന്നിവരും കുവൈത്തിലെത്തി.
അനുശോചനം അറിയിക്കാൻ ലബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റിയും പാർലമെന്റ് സ്പീക്കർ നബിഹ് ബെറിയും കുവൈത്തിലെത്തി. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽ സിസിയും അമീറിനെയും അസ്സബാഹ് കുടുംബത്തെയും കുവൈത്തിലെത്തി ആശ്വസിപ്പിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ പ്രതിനിധിയിയായി യു.എ.ഇ ഹയർ കൗൺസിൽ അംഗവും അൽ ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയും സംഘവും കുവൈത്തിലെത്തി. യൂറോപ്യൻ യൂനിയൻ (ഇ.യു) ഗൾഫിലെ പ്രത്യേക പ്രതിനിധി ലുയിഗി ഡി മായോയും അദ്ദേഹത്തിന്റെ അനുഗമിക്കുന്ന പ്രതിനിധി സംഘവും അനുശോചനം അറിയിച്ചു. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതിനിധിയും യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും കുവൈത്തിലെത്തി ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് അഹമ്മദ് അൽ ഫഹദ് അൽ അഹമ്മദ് അസ്സബാഹ്, വിദേശകാര്യ മന്ത്രി ശൈഖ് സലിം എന്നിവരെ അനുശോചനം അറിയിച്ചു.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ബിൻ സൽമാൻ അൽ ഖലീഫ, ജോർദൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ജോർദൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ല, ഇറാഖി പ്രസിഡന്റ് മുഹമ്മദ് ഷിയ അൽ സുദാനി എന്നിവരും നേരത്തേ കുവൈത്തിലെത്തിയിരുന്നു. രാഷ്ട്രതലവൻമാരെ അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അൽ അബ്ദുല്ല അൽ മുബാറക് അസ്സബാഹ് വിമാനത്താവളത്തിൽ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.