കുവൈത്ത് സിറ്റി: അവധിക്ക് നാട്ടിൽപോയി വിസ കഴിഞ്ഞ ആരോഗ്യ പ്രവർത്തകരുടെ വിവരം കുവൈത്ത് ആരോഗ്യ മന്ത്രാലയം ശേഖരിക്കുന്നു. ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യന്മാർ, മറ്റു ബന്ധപ്പെട്ട ജോലിക്കാർ എന്നിവരുടെ വിവരമാണ് ശേഖരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ വകുപ്പുകളുമായി ഏകോപനം നടത്തിവരുകയാണ്.
അടിയന്തരാവശ്യമുള്ളവരെ പെെട്ടന്ന് തന്നെ കൊണ്ടുവരാനാണ് നീക്കം. കോവിഡ് കാലത്ത് ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ആരോഗ്യ പ്രവർത്തകർ കനത്ത ജോലിഭാരം അനുഭവിക്കുന്നു.ഇതിനുപുറമെ അവധിക്ക് പോയവർക്ക് തിരിച്ചുവരാൻ കഴിയാത്തതുകൂടിയായതോടെ പ്രയാസം ഏറെയാണ്. 12 മണിക്കൂർ വരെയാണ് നഴ്സുമാർ ജോലി ചെയ്യുന്നത്. പി.പി.ഇ കിറ്റിനകത്ത് ഇത്രയും സമയം നിൽക്കുന്നത് ബുദ്ധിമുട്ടാണ്.
സിവിൽ നമ്പർ, ജോലിസ്ഥലം, സ്പെഷലൈസേഷൻ, പാസ്പോർട്ട് നമ്പർ, പൗരത്വം, ഇപ്പോൾ താമസിക്കുന്ന രാജ്യം, കുടുംബ വിവരങ്ങൾ, ഇഖാമ കാലാവധി സംബന്ധിച്ച വിവരങ്ങൾ എന്നിവയാണ് ശേഖരിച്ച് പരിശോധിക്കുന്നത്.തുടർന്ന് രാജ്യത്തിന് ആവശ്യമുള്ളവരെ പ്രത്യേക പരിഗണന നൽകി തിരിച്ചുകൊണ്ടുവരുന്നതിന് പദ്ധതി ആവിഷ്കരിക്കും. അവധിക്ക് നാട്ടിൽ പോയി വിമാന സർവിസ് നിലച്ചത് കാരണം നിരവധി വിദേശികൾക്കാണ് തിരിച്ചുവരാൻ കഴിയാതായത്. ചിലരുടെ വിസ കാലാവധി ഇതിനിടെ കഴിഞ്ഞു.
തൊഴിലാളി നാട്ടിലായ അവസ്ഥയിൽ സ്പോൺസർക്കോ മൻദൂബിനോ വിസ പുതുക്കാൻ അനുമതി നൽകിയിരുന്നു.ഇത് ചെയ്യാത്തതുമൂലം 40,000ത്തിലേറെ പേരുടെ വിസ റദ്ദായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.