കുവൈത്ത് സിറ്റി: വിവിധ നിയമലംഘകരെ കണ്ടെത്തുന്നതിനായി രാജ്യത്ത് കനത്ത സുരക്ഷ പരിശോധനകൾ തുടരുന്നു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ- ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസുഫ് അസ്സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണ് പരിശോധനകൾ.
ആഭ്യന്തര മന്ത്രാലയത്തിനൊപ്പം ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ്, ജനറൽ ഡിപ്പാർട്മെന്റ് ഓഫ് എമർജൻസി പൊലീസ്, പബ്ലിക് സെക്യൂരിറ്റി സെക്ടർ എന്നിവയുൾപ്പെടെ നിരവധി വകുപ്പുകളുടെ സംയുക്ത സംഘം പരിശോധനക്കുണ്ട്. പ്രത്യേക സുരക്ഷ സേനയും വനിത പൊലീസ് ഉദ്യോഗസ്ഥരും സഹായത്തിനുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ, നിയമലംഘകരെ കണ്ടെത്തൽ എന്നിവയുടെ ഭാഗമായാണ് പരിശോധനകൾ.
റോഡുകളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് വാഹനങ്ങളും യാത്രക്കാരുടെ രേഖകളും വിശദമായി പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. കാൽ നടയാത്രക്കാരുടെയും രേഖകൾ പരിശോധിക്കുന്നുണ്ട്. താമസ നിയമ ലംഘനം, വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ എന്നിവർ അടക്കം നിരവധി പേരെയാണ് കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പരിശോധനയിൽ പിടികൂടിയത്.
കഴിഞ്ഞ ദിവസം ഫർവാനിയയിൽ നടന്ന പരിശോധനയിൽ 2,833 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. 16 ഒളിവിലുള്ളവരെയും അറസ്റ്റ് വാറന്റുള്ള 26 പേരെയും മതിയായ രേഖകളില്ലാത്ത ഒമ്പതു പേരെയും താമസ നിയമം ലംഘിച്ചതിന് 23 പേരെയും അറസ്റ്റ് ചെയ്തു. 11 വാഹനങ്ങൾ പിടിച്ചെടുത്തു. തൊട്ടു മുമ്പുള്ള ദിവസം ഖൈത്താനിലും വലിയ തോതിലുള്ള പരിശോധന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.