കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് കുറക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഓവർസീസ് എൻ.സി.പി മുഹമ്മദ് ഫൈസൽ എം.പിക്ക് നിവേദനം നൽകി. എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറിയും പ്രവാസി സെല്ലിന്റെ ചുമതല വഹിക്കുന്നയാളുമാണ് മുഹമ്മദ് ഫൈസൽ എം.പി. ഓവർസീസ് എൻ.സി.പി നാഷനൽ ട്രഷറർ ബിജു സ്റ്റീഫനാണ് നിവേദനം കൈമാറിയത്.
നിവേദനം കേന്ദ്ര വ്യോമയാന വകുപ്പുമന്ത്രി ജോതിരാദിത്യ സിന്ധ്യ, വിദേശകാര്യ വകുപ്പു മന്ത്രി ഡോ. ജയശങ്കർ എന്നിവർക്ക് കൈമാറുമെന്നും കേന്ദ്ര സർക്കാറിന്റെ ഇടപെടൽ വേഗത്തിൽ പ്രതീക്ഷിക്കുന്നതായും എം.പി അറിയിച്ചു. ഉയർന്ന നിരക്കു കാരണം ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികളും കുടുംബാംഗങ്ങളും നാട്ടിലേക്ക് വരാൻ കഴിയാതെ വിദേശത്ത് തുടരുന്ന സാഹചര്യമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. മുൻവർഷങ്ങളെ അപേക്ഷിച്ച് വളരെ ഭീമമായ തുകയാണ് ഗൾഫ് മേഖലയിലേക്കുളള വിമാനക്കമ്പനികൾ ഇന്ത്യയിലേക്കും, തിരിച്ചും ഈടാക്കുന്നത്. പ്രവാസികളുടെ അടിയന്തിര പ്രധാന്യമുള്ള വിഷയത്തിൽ സർക്കാർ ഇടപെടൽ വേഗത്തിൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ഒ.എൻ.സി.പി കുവൈത്ത് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.