പ്രവാസികൾക്ക് സൗജന്യ നിയമ സഹായം :കേന്ദ്ര, കേരള സർക്കാറുകളോട്​ ഹൈകോടതി വിശദീകരണം തേടി

കുവൈത്ത്​ സിറ്റി: പ്രവാസികൾക്ക് സൗജന്യ നിയമസഹായം നൽകണമെന്ന് ആവശ്യപ്പെട്ട്​ പ്രവാസി ലീഗൽ സെൽ നൽകിയ ഹരജിയിൽ കേന്ദ്ര, കേരള  സർക്കാറുകളോട് വിശദീകരണം നൽകാൻ കേരള ഹൈകോടതി നിർദേശം നൽകി. ചീഫ് ജസ്​റ്റിസ് മണികുമാർ, ജസ്​റ്റിസ്​ ഷാജി പി. ചാലി എന്നിവരടങ്ങിയ  ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് നൽകിയത്. ഇന്ത്യൻ ഭരണഘടനപ്രകാരവും ലീഗൽ സർവിസ് അതോറിറ്റീസ് ആക്ട് അനുസരിച്ചും ഇന്ത്യൻ പൗരന്മാർക്ക്​  സൗജന്യ നിയമസഹായത്തിന്​ വ്യവസ്ഥയുണ്ട്. എന്നാൽ, പ്രവാസികൾ ഇന്ത്യൻ പൗരന്മാരാണെങ്കിലും നിലവിൽ സൗജന്യ നിയമസഹായം ലഭിക്കുന്നില്ലെന്ന് ഹരജിയിൽ പറയുന്നു. 

പ്രവാസികൾക്ക് സൗജന്യ നിയമ സഹായം നൽകാൻ 2009ൽ കൊണ്ടുവന്ന ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടും കാര്യക്ഷമമല്ലെന്ന്​ ഹരജിയിൽ ചൂണ്ടിക്കാട്ടി. കോവിഡിനെ തുടർന്ന്​ നിരവധി പ്രവാസികളാണ് വിവിധ രാജ്യങ്ങളിൽ മരിക്കുകയും ജോലി നഷ്​ടപ്പെട്ട്​ ഒരു ആനുകൂല്യവും കിട്ടാതെ നാട്ടിലേക്കെത്തുകയും ചെയ്​തത്​. ഇവർക്ക്​ ഇന്ത്യൻ എംബസി മുഖേന സൗജന്യ നിയമസഹായം ഉറപ്പുവരുത്തണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. നോർക്ക മുഖേന കേരളീയർക്ക് സൗജന്യ നിയമസഹായം നൽകുന്നതായി കേരള സർക്കാറിനെ പ്രതിനിധാന​ം ചെയ്​ത്​ അഭിഭാഷകൻ വ്യക്തമാക്കി.
 പ്രവാസി ലീഗൽ സെല്ലിനുവേണ്ടി ഗ്ലോബൽ പ്രസിഡൻറ്​ അഡ്വ. ജോസ്​ എബ്രഹാമാണ്​ ഹൈകോടതിയിൽ ഹരജി നൽകിയത്​.

Tags:    
News Summary - high court-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.