കുവൈത്ത് സിറ്റി: സന്ദർശന വിസ നിയമ ലംഘകർക്കെതിരെ കർശന നടപടികളുമായി ആഭ്യന്തര മന്ത്രാലയം. നിയമാനുസൃതമായി രാജ്യത്ത് തങ്ങാനുള്ള കാലയളവ് കഴിഞ്ഞും ഒപ്പിട്ട പ്രതിജ്ഞയും സന്ദർശന നിബന്ധനകളും പാലിക്കുന്നതിൽ പരാജയപ്പെട്ടവരെ നാടുകടത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്പോൺസർമാർ, ഭാര്യമാർ, ഭർത്താക്കന്മാർ, കുട്ടികൾ എന്നിവരെയും നടപടികളിൽ നിന്ന് ഒഴിവാക്കില്ല.
റെസിഡൻസി നിയമം ലംഘകർക്കെതിരായ നടപടികളിൽ ആനുകൂല്യമോ മയപ്പെടലോ ഉണ്ടാകില്ലെന്നും ആഭ്യന്തര മന്ത്രാലയം സൂചന നൽകി. നിബന്ധന പാലിക്കപ്പെട്ടില്ലെങ്കിൽ സ്പോൺസർ ചെയ്യുന്നവർക്കുമെതിരെ നടപടിയുണ്ടാകും.
ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ അടുത്തിടെ നിരവധി വിസ ലംഘകരെയും സ്പോൺസർമാരെയും അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
നിരവധി സ്ത്രീകൾ ഭർത്താക്കന്മാരെയും കുട്ടികളെയും കുടുംബ സന്ദർശന വിസയിൽ രാജ്യത്ത് എത്തിക്കുകയും താമസിക്കാനുള്ള കാലയളവ് കഴിഞ്ഞിട്ടും തിരിച്ചുപോയില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇവരെ രാജ്യത്ത് നിന്ന് മൊത്തത്തിൽ നാടുകടത്താനുള്ള നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കുടുംബ സന്ദർശന വിസക്ക് അഭ്യർഥിക്കുമ്പോൾ ഒപ്പിട്ട പ്രതിജ്ഞ സ്പോൺസർമാർ പാലിക്കാത്തതിനാൽ റെസിഡൻസി ഉണ്ടെങ്കിലും ഇത്തരക്കാരെയും നാടുകടത്തും. ഇത്തരക്കാരുടെ ഭാര്യമാർ, ഭർത്താക്കന്മാർ, കുട്ടികൾ എന്നിവരെയും നടപടികളിൽ നിന്ന് ഒഴിവാക്കില്ല.
നിയമ ലംഘകരെ കണ്ടെത്തുന്നതിനായി കർശന പരിശോധനകൾ തുടരുമെന്നും ഇവർക്കെതിരെ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി. എല്ലാ സന്ദർശകരും വ്യക്തമാക്കിയ സമയപരിധി പാലിക്കുകയും കാലാവധി കഴിയുമ്പോൾ രാജ്യം വിടുകയും വേണമെന്നും ഉണർത്തി.
ദീർഘകാലമായി നിർത്തിവെച്ചിരുന്ന കുടുംബ സന്ദർശന വിസ കഴിഞ്ഞ ഫെബ്രുവരിയിലാണ് പുനരാരംഭിച്ചത്. ഒരു മാസത്തേക്ക് അനുവദിക്കുന്ന സന്ദർശന വിസ കാലയളവ് അവസാനിച്ചാൽ രാജ്യം വിടുമെന്ന് വിസക്ക് അപേക്ഷിക്കുന്നതിനൊപ്പം സത്യവാങ്മൂലവും നിർബന്ധമാണ്. താമസ കാലയളവ് ലംഘിച്ചാൽ സന്ദർശകനും സ്പോൺസറും നിയമനടപടി നേരിടേണ്ടിവരുമെന്ന് ആഭ്യന്തരമന്ത്രാലയഒം നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.