കുവൈത്ത് സിറ്റി: ഖത്തർ ഒഴികെയുള്ള അഞ്ച് ജി.സി.സി രാജ്യങ്ങൾ ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട് പൊതുനയം രൂപവത്കരിക്കാൻ ആലോചിക്കുന്നു. ബഹ്റൈൻ, കുവൈത്ത്, സൗദി, ഒമാൻ, യു.എ.ഇ എന്നിവ ചേർന്ന് ഗാർഹികത്തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് ഫീസ്, ചുരുങ്ങിയ വേതനം, തൊഴിൽ മാറ്റം, മറ്റുവിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പൊതുനയം ഉണ്ടാക്കാനാണ് ആലോചന. ഇൗജിപ്തിലെ െകെറോയിൽ നടന്ന 45ാമത് ലേബർ കോൺഫറൻസിെൻറ അനുബന്ധമായി ചേർന്ന യോഗത്തിലാണ് തീരുമാനം. അന്താരാഷ്ട്ര തൊഴിൽനിയമങ്ങളെ മാനിച്ചുകൊണ്ട് തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന രീതിയിൽ നിയമനിർമാണം നടത്തും. തുടർച്ചയായി എട്ടുമണിക്കൂർ ഉൾപ്പെടെ ദിവസത്തിൽ 12 മണിക്കൂർ വിശ്രമം ഉറപ്പുവരുത്തുന്നതായിരിക്കും നിർദിഷ്ട നിയമം.
18 വയസ്സിൽ താഴെയുള്ളവരെ ജോലിക്കുവെക്കാൻ അനുവദിക്കില്ല. വിവിധ ഗൾഫ് രാജ്യങ്ങളിൽ ഗാർഹികത്തൊഴിലാളി ക്ഷാമം രൂക്ഷമാണ്.
തൊഴിലാളികൾക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും ചൂണ്ടിക്കാട്ടി വിവിധ രാജ്യങ്ങൾ ഇവിടേക്ക് ഗാർഹികത്തൊഴിലാളികളെ അയക്കുന്നത് നിർത്തിയിട്ടുണ്ട്. ഇത് അന്താരാഷ്ട്രതലത്തിൽ ഉണ്ടാക്കിയ അവമതിപ്പ് കൂടി കണക്കിലെടുത്താണ് പൊതുനയം രൂപവത്കരിക്കാനും സമഗ്ര നിയമനിർമാണം നടത്താനും തീരുമാനിച്ചത്.
2016 ജൂലൈയിൽ കുവൈത്തിൽ പ്രാബല്യത്തിൽവന്ന പുതിയ ഗാർഹികത്തൊഴിലാളി നിയമം തൊഴിലാളികൾക്ക് അനുകൂലമാണ്. കഴിഞ്ഞ വർഷം യു.എ.ഇയും തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന നിയമനിർമാണം നടത്തിയിരുന്നു. ഇതിനെല്ലാം ശേഷവും അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇൗ സാഹചര്യത്തിലാണ് തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങൾക്ക് കൂടി സ്വീകാര്യമായ പൊതുനയം രൂപവത്കരിക്കുന്നത്. അടുത്തിടെ ഫിലിപ്പീൻ ഗാർഹികത്തൊഴിലാളിയുടെ മൃതദേഹം കുവൈത്തിലെ അപ്പാർട്മെൻറിൽ ഫ്രീസറിൽ കണ്ടെത്തിയത് വലിയ വിവാദമായി.
ഫിലിപ്പീൻ കുവൈത്തിലേക്ക് ഇപ്പോൾ തൊഴിലാളികളെ അയക്കുന്നില്ല. മറ്റുഗൾഫ് രാജ്യങ്ങളിലേക്കും വിലക്ക് ഏർപ്പെടുത്തുമെന്ന് ഫിലിപ്പീൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തൊഴിലാളികൾ ലൈംഗിക ചൂഷണത്തിന് ഉൾപ്പെടെ വിധേയമാവുന്നു എന്ന പരാതിയെ തുടർന്ന് ആഫ്രിക്കൻ രാജ്യമായ ഘാന കുവൈത്ത് ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ് താൽക്കാലികമായി നിർത്തിയിരിക്കുകയാണ്. ചൂഷണം ആരോപിച്ച് ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും കുവൈത്തിലേക്കുള്ള റിക്രൂട്ട്മെൻറ് നിർത്തി. ഇന്ത്യയിൽനിന്നും ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ് പുനരാരംഭിച്ചിട്ടില്ല. ജോലിക്കാർ ക്രിമിനൽ സ്വഭാവം കാണിക്കുന്നു എന്ന കാരണം മുൻനിർത്തി റിക്രൂട്ട്മെൻറ് വിലക്കിയ ഇത്യോപ്യയിൽനിന്നുവരെ തൊഴിലാളികളെ എത്തിക്കാൻ കുവൈത്ത് നിർബന്ധിതമായി. ഗാർഹികത്തൊഴിലാളി ക്ഷാമം രാജ്യത്ത് പാർലമെൻറ് തലത്തിലും സ്വദേശികൾക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമാവുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.