കുവൈത്ത് സിറ്റി: രാജ്യത്തെ തൊഴില്‍ മേഖലയെ മുന്നോട്ടുനയിക്കുന്നത് ഇന്ത്യക്കാർ. സെന്‍ട്രല്‍ ഡിപ്പാർട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് പുതിയ കണക്കുകള്‍. ഈജിപ്തുകാരാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്താണ് കുവൈത്തി പൗരന്മാർ. കുവൈത്തില്‍ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലായി 19,70,719 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇതില്‍ 24.1 ശതമാനവും ഇന്ത്യക്കാരാണ്.
23.6 ശതമാനവുമായി ഈജിപ്ഷ്യൻ തൊഴിലാളികളും 22.2 ശതമാനവുമായി കുവൈത്തികളുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. നിലവില്‍ 4,76,335 ഇന്ത്യൻ തൊഴിലാളികളാണ് രാജ്യത്ത് ജോലി ചെയ്യുന്നത്. കുടുംബത്തോടൊപ്പം താമസിക്കാനും ഗാർഹിക ജോലിക്കായും എത്തിയവരെ ഒഴിവാക്കിയുള്ള കണക്കാണിത്. നേരത്തേയും പട്ടികയിൽ ഇന്ത്യക്കാർ തന്നെയായിരുന്നു മുന്നിൽ.
120ഓളം രാജ്യങ്ങളിലെ പൗരന്മാർ കുവൈത്തിൽ താമസിക്കുന്നുണ്ടെങ്കിലും ഇന്ത്യ, ഈജിപ്ത്, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, സിറിയ, പാകിസ്താൻ, ശ്രീലങ്ക എന്നീ ഏഴു രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിദേശി സാന്നിധ്യത്തിന്റെ 90 ശതമാനവും. വിദേശികളുടെ എണ്ണം കുറക്കാനും സ്വദേശിവത്കരണം കൂടുതൽ കാര്യക്ഷമമാക്കാനുമുള്ള നടപടികൾ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നുണ്ട്.
കോഓപറേറ്റിവ് മേഖല പൂർണമായും സ്വദേശിവത്കരണ ഘട്ടത്തിലാണ്. വിദ്യാഭ്യാസ മേഖലയിലും സ്വദേശിവത്കരണം വൈകാതെ നടപ്പാക്കും. സ്വകാര്യമേഖലയിൽ സ്വദേശികൾക്കുള്ള സംവരണ തോത് വർധിപ്പിക്കുന്നതിനുള്ള നിർദേശവും സിവിൽ സർവിസ് കമീഷൻ പരിഗണനയിലുണ്ട്.
കുവൈത്ത് സിറ്റി: രാജ്യത്തെ കുവൈത്തി പ്രവാസികളുടെ എണ്ണത്തിലും ഇന്ത്യക്കാർ മുന്നിൽ. 29.5 ലക്ഷം വിദേശികളിൽ 10 ലക്ഷത്തിലേറെ പേര് ഇന്ത്യക്കാരാണ്. സിവില്‍ ഇന്‍ഫര്‍മേഷന്‍ കഴിഞ്ഞ വർഷം അവസാനം പുറത്തിറക്കിയ കണക്കിലാണ് വിവരങ്ങൾ. ഇന്ത്യക്കാരിൽ വലിയൊരു വിഭാഗം മലയാളികളാണ്.
സിവില്‍ ഇന്‍ഫര്‍മേഷന്‍ റിപ്പോർട്ട് പ്രകാരം 44,64,000 ആണ് കുവൈത്തിലെ മൊത്തം ജനസംഖ്യ. ഇതില്‍ 15 ലക്ഷം സ്വദേശികളും 29.5 ലക്ഷം വിദേശികളുമാണ്. 35 ശതമാനം സ്വദേശികളും 65 ശതമാനം വിദേശികളും എന്നതാണ് ജനസംഖ്യയിലെ അനുപാതം.
കഴിഞ്ഞ രണ്ടു വര്‍ഷം വിദേശി ജനസംഖ്യയില്‍ കുറവ് വന്നെങ്കിലും വിദേശികൾ ഭൂരിപക്ഷം നിലനിർത്തുന്നു. അതേസമയം, സ്വദേശികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന ഉണ്ടായതായും കണക്കുകൾ കാണിക്കുന്നു. ഫർവാനിയ ഗവർണറേറ്റിലാണ് രാജ്യത്തെ ഏറ്റവും ജനസാന്ദ്രത. സ്വദേശികളും പ്രവാസികളുമായി 11 ലക്ഷത്തിലേറെ പേര് ഇവിടെ താമസിക്കുന്നതായി സിവില്‍ ഇന്‍ഫര്‍മേഷന്‍ വ്യക്തമാക്കുന്നു. ജനസാന്ദ്രതയിൽ അഹമ്മദി ഗവർണറേറ്റ് രണ്ടാം സ്ഥാനത്തും ഹവല്ലി മൂന്നാമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.