കുവൈത്ത് സിറ്റി: തൊഴിലിടങ്ങളിലും വീട്ടകങ്ങളിലും സ്ത്രീകൾ നേരിടുന്ന വെല്ലുവിളി ചർച്ചചെയ്ത് അന്താരാഷ്ട്ര കോണ്‍ഫറന്‍സ്. ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് വിമൻ ലോയേഴ്സ് സൗത്ത് ഏഷ്യ സഹകരണത്തോടെ കുവൈത്ത് ലോയേഴ്സ് അസോസിയേഷൻ ഏഷ്യൻ മേഖലയാണ് ദിദ്വിന കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.
‘ജോലിസ്ഥലത്ത് സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും, ഗാർഹിക പീഡനവും’ എന്ന തലക്കെട്ടിൽ നടന്ന സമ്മേളനത്തില്‍ ഇന്ത്യ, ശ്രീലങ്ക, കൊളംബിയ, ബഹ്റൈന്‍, ഒമാന്‍ കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള നൂറുക്കണക്കിന് വനിത അഭിഭാഷകർ പങ്കെടുത്തു.
പുതിയ കാലത്ത് സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ് തൊഴിലിടങ്ങൾ, വീട്ടകങ്ങൾ എന്നിവിടങ്ങളിലെ വെല്ലുവിളികൾ. സമൂഹം, കുടുംബം, ജോലിസ്ഥലം എന്നിവിടങ്ങളിൽ സ്ത്രീകള്‍ ശാരീരികമായും മാനസികമായും നേരിടുന്ന അതിക്രമങ്ങളുടെ തോത് വലുതാണെന്നും രണ്ടു ദിവസമായി നടന്ന കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. ഇത്തരം വിഷയങ്ങളിൽ കൃത്യമായ നിയമ പരിരക്ഷയും അവബോധവും ഉണ്ടാകേണ്ടതുണ്ടെന്നും കോണ്‍ഫറന്‍സ് വിലയിരുത്തി. നിലവിലുള്ള നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടാത്തതും അതിക്രമങ്ങൾ വർധിക്കാൻ കാരണമാകുന്നതായി അഭിഭാഷകർ ചൂണ്ടികാട്ടി.
വിഷയത്തിൽ എൻ.ജി.ഒകൾക്ക് എങ്ങനെ ഇടപെടാനാകും എന്നതും ചർച്ചയായി.
ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് വിമൻ ലോയേഴ്സ് ഇന്ത്യ, കേരള ചാപ്റ്ററിനെ പ്രതിനിധാനംചെയ്ത് കേരളത്തില്‍നിന്ന് 13 വനിത അഭിഭാഷകർ കോണ്‍ഫറന്‍സിൽ പങ്കെടുത്തു. ഇന്ത്യയിൽ നിന്ന് 70 അഭിഭാഷകർ കോണ്ഫറന്സിനെത്തിയിരുന്നു. മൂന്നു വർഷം കൂടുമ്പോഴാണ് ഫെഡറേഷൻ ഓഫ് വിമൻ ലോയേഴ്സ് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.