കുവൈത്ത് സിറ്റി: ഫലസ്തീനിലെ റഫയിലെ കുവൈത്ത് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം. ആശുപത്രിയുടെ വലിയൊരു ഭാഗത്തിന് തീയിടുകയും ചെയ്തു. ഗസ്സയിലെ ആശുപത്രികളെ ആസൂത്രിതമായി ലക്ഷ്യമിടുകയും സേവനം തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഇസ്രായേൽ നടപടിയിൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. സുഹൈബ് അൽ ഹംസ് അപലപിച്ചു.
ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് ആശുപത്രികൾ സേവനം നിർത്തിയതിനെത്തുടർന്ന് റഫയിലെ ആരോഗ്യ സ്ഥിതി അത്യന്തം വിനാശകരമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇസ്രായേലി സേന മെഡിക്കൽ ടീമുകളെ പ്രവേശിപ്പിക്കാത്തതിനാൽ ഡസൻ കണക്കിന് മൃതദേഹങ്ങളും പരിക്കേറ്റവരും റഫ ഗവർണറേറ്റിലെ തെരുവുകളിൽ ചിതറിക്കിടക്കുന്നുണ്ടെന്നും ഡോ. സുഹൈബ് അൽ ഹംസ് പറഞ്ഞു. അന്താരാഷ്ട്ര ആരോഗ്യ സ്ഥാപനങ്ങൾ തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ ഉറച്ചു നിൽക്കാനും ഫലസ്തീനികളുടെ രക്തം ചൊരിയുന്നതും ഗസ്സക്കെതിരെ ഇസ്രായേൽ നടത്തുന്ന വംശഹത്യ അടിയന്തിരമായി അവസാനിപ്പിക്കാനും അൽ ഹംസ് ആവശ്യപ്പെട്ടു.
തെക്കൻ ഗസ്സയിലെ 1.2 ദശലക്ഷത്തിലധികം ആളുകൾക്ക് വൈദ്യസഹായം നൽകിവരുന്ന റഫയിലെ കുവൈത്ത് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് നേരെ ഇസ്രായേൽ സേന നിരന്തരം ആക്രമണങ്ങൾ നടത്തിയിരുന്നു. തുടർന്ന് മേയ് 27ന് ഹോസ്പിറ്റൽ അടച്ചുപൂട്ടാൻ നിർബന്ധിതരായി.
അന്താരാഷ്ട്ര ആഹ്വാനങ്ങളെയും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആവശ്യത്തെയും ധിക്കരിച്ച് റഫയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. തുടർച്ചയായ ആക്രമണത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലുകയും ആയിരങ്ങൾക്ക് പരിക്കേൽക്കുകയും നിരവധി പേർ കുടിയിറക്കപ്പെടുകയും ചെയ്തു.
കുവൈത്ത് സിറ്റി: സെൻട്രൽ ഗസ്സയിലെ യു.എൻ സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ സ്കൂൾ കെട്ടിടത്തിൽ അഭയം പ്രാപിച്ച കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള നിരായുധരായ ഫലസ്തീനികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി.
നിരായുധരായ പലസ്തീൻ സിവിലിയന്മാർക്ക് നേരെയുള്ള ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണങ്ങളുടെ തുടർച്ചയാണ് ഈ കൂട്ടക്കൊല. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങൾ ഇസ്രായേൽ തുടരുകയാണ്. അന്താരാഷ്ട്ര സമൂഹവും യു.എൻ രക്ഷാസമിതിയും ഇസ്രായേലിനെ തടയണമെന്ന കുവൈത്ത് ഭരണകൂടത്തിന്റെ ആവശ്യം മന്ത്രാലയം പ്രസ്താവനയിൽ ആവർത്തിച്ചു.
സെൻട്രൽ ഗസ്സയിലെ അഭയാർഥികൾ താമസിച്ചിരുന്ന യു.എൻ സ്കൂളിന് നേരെ കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ബോംബാക്രത്തിൽ 32 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുമ്പും അഭയാർഥികൾ താമസിക്കുന്ന സ്ഥലങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.