കുവൈത്ത് സിറ്റി: ദി കേരള സ്റ്റോറി എന്ന സിനിമയെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിരോധിക്കണമെന്നും മതത്തിന്റെ പേരിൽ സമുദായത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന ഒരു സിനിമക്കും അനുമതി നൽകരുതെന്നും കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) ആവശ്യപ്പെട്ടു.
ഇരുപത് വർഷങ്ങൾകൊണ്ട് ഇന്ത്യ മുസ്ലിം രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന കേരള മുൻ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കൂട്ടുപിടിച്ച് ‘ലവ് ജിഹാദ്’ എന്ന കെട്ടുകഥ അത്യധികം വിഷലിപ്തമായ രൂപത്തിൽ പുനരാവിഷ്കരിക്കുകയാണ് സിനിമ. കൃത്യമായ ഫാഷിസ്റ്റ് അപരവത്കരണത്തിലൂടെ കേരളത്തെയും നിയമ നീതിനിർവഹണ സംവിധാനങ്ങളെയും ആക്ഷേപിക്കാനാണ് ശ്രമം.
സമൂഹത്തിന് തെറ്റായ സന്ദേശം നൽകാനാണ് സിനിമയിലൂടെ ലക്ഷ്യമിടുന്നത്. ഇസ്ലാം മതം ഇത്തരത്തിലുള്ള വശീകരണ തന്ത്രങ്ങൾ ശക്തമായി എതിർക്കുമ്പോൾ മനുഷ്യരെ മതത്തിന്റെ പേരിൽ ചേരിതിരിക്കാനുള്ള ശ്രമമാണ് അണിയറക്കു പിന്നിൽ നടക്കുന്നത്.
വർഗീയതയുടെ വിഷക്കാറ്റ് വിതക്കുന്ന സിനിമക്കെതിരെ മത, സാംസ്കാരിക, രാഷ്ട്രീയ നേതാക്കളുടെ മൗനം വിഷപ്രചാരണംപോലെതന്നെ അപകടകരമാണെന്നും കെ.ഐ.സി നേതാക്കൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.