കുവൈത്ത് സിറ്റി: കുവൈത്ത് നാഷനൽ ഗാർഡ് (കെ.എൻ.ജി) മേധാവി ശൈഖ് സാലിം അൽ അലി അൽ സാലിം അൽ മുബാറക് അസ്സബാഹ് (98) അന്തരിച്ചു. ദീർഘകാലത്തെ സ്തുത്യർഹമായ രാജ്യ സേവനത്തിന് ശേഷമാണ് വിടവാങ്ങൽ. രാജ്യത്തിനകത്തും പുറത്തും നിരവധി ജീവകാരുണ്യ പ്രോജക്റ്റുകൾക്കും സാമൂഹിക ശ്രമങ്ങൾക്കും ഒപ്പം സുപ്രധാന ഔദ്യോഗിക സ്ഥാനങ്ങളും അദ്ദേഹം വഹിച്ചു. 1926ലാണ് ജനനം.
1959ൽ വികസന, ആസൂത്രണ പദ്ധതികൾക്കായി ചുമതലപ്പെടുത്തിയ കൺസ്ട്രക്ഷൻസ് കൗൺസിലിന്റെ തലവനായി. കൂടാതെ പൊതുമരാമത്ത് വകുപ്പിന്റെ മേധാവിയായും സേവനമനുഷ്ഠിച്ചു. 60കളുടെ തുടക്കത്തിൽ മുനിസിപ്പൽ കൗൺസിലിന്റെ ചീഫ് സ്ഥാനം ഏറ്റെടുത്തു. 1961ൽ കുവൈത്തിന്റെ സ്വാതന്ത്ര്യത്തിനുശേഷം ഭരണഘടനാ അസംബ്ലിയിലെ അംഗമായി. ആദ്യ സർക്കാറിൽ പൊതുമരാമത്ത് മന്ത്രി സ്ഥാനവും വഹിച്ചു.
1963ൽ കുവൈത്ത് എൻജിനീയറിങ് സൊസൈറ്റി തലവനായി. 1967ൽ കുവൈത്ത് നാഷനൽ ഗാർഡിന്റെ തലവനായി. 1969 മുതൽ ഉയർന്ന പ്രതിരോധ കൗൺസിൽ അംഗവും 2005 മുതൽ ദേശീയ സുരക്ഷാ കൗൺസിൽ അംഗവും ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ സുരക്ഷാ, സൈനിക പദവികളും കൈകാര്യം ചെയ്തിട്ടുണ്ട്.
മാനുഷികവും സാമൂഹികവുമായ പ്രോജക്റ്റുകൾക്ക് സംഭാവന നൽകുന്നതിലും ശ്രദ്ധാലുവായിരുന്നു. മരുഭൂമി, വേട്ടയാടൽ, നാവിക പ്രവർത്തനങ്ങൾ എന്നിവയിൽ ആകൃഷ്ടനായ ശൈഖ് സാലിമിന് പ്രകൃതിയോട് പ്രത്യേക താൽപര്യവുമുണ്ടായിരുന്നു. 2000ൽ ആരംഭിച്ച ശൈഖ് സാലിം അൽ അലി ഇൻഫോർമാറ്റിക്സ് അവാർഡ് പ്രതിഭകളുടെ പ്രോത്സാഹനത്തിന് മാതൃകാപരമായ പ്രവർത്തനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.