കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഒക്ടോബർ 24 മുതൽ പൂർണതോതിൽ പ്രവർത്തിക്കും. ഇതിനുവേണ്ട ക്രമീകരണങ്ങൾ വരുത്താൻ മന്ത്രിസഭ വ്യോമയാന വകുപ്പിനെ ചുമതലപ്പെടുത്തി. മന്ത്രിസഭയുടെ അനുമതി ലഭിക്കുന്നമുറക്ക് പൂർണ തോതിൽ പ്രവർത്തിക്കാൻ സജ്ജമാണെന്ന് വ്യോമയാന വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. നിലവിൽ പ്രതിദിനം 10,000 ഇൻകമിങ് യാത്രക്കാൻ എന്ന നിയന്ത്രണത്തോടെയാണ് വിമാനത്താവളം പ്രവർത്തിക്കുന്നത്. ഇൗ നിയന്ത്രണം നീക്കുന്നതോടെ വിമാന ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയും. 35 അന്താരാഷ്ട്ര വിമാന കമ്പനികൾക്കാണ് നിലവിൽ കുവൈത്തിൽനിന്ന് സർവിസിന് അനുമതിയുള്ളത്. ഇത് 52 ആക്കി ഉയർത്തും. കഴിഞ്ഞ ആഗസ്റ്റ് ഒന്നിനാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാണിജ്യ സർവിസുകൾ പുനരാരംഭിച്ചത്. രണ്ടു മാസം പിന്നിട്ടപ്പോൾ ലോകത്തിലെ വിവിധ നഗരങ്ങളിലേക്ക് നേരിട്ടുള്ള സർവിസുകൾ ഉണ്ടെങ്കിലും വിമാനത്താവളത്തിെൻറ പ്രവർത്തനം പൂർണതോതിൽ ആയിരുന്നില്ല. പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതാണ് ഇതിന് കാരണം. സീറ്റുകൾ പരിമിതമായതിനാൽ കൂടിയ നിരക്കാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്. രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെയാണ് വിമാനത്താവള പ്രവർത്തനശേഷി വർധിപ്പിക്കാൻ മന്ത്രിസഭ അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.