കുവൈത്ത് സിറ്റി: രാജ്യത്ത് കൂടുതൽ ഫലസ്തീൻ അധ്യാപകരെത്തുന്നു. ഫലസ്തീനിൽ നിന്നുള്ള 531 അധ്യാപകർ വൈകാതെ കുവൈത്തിൽ എത്തും. വെസ്റ്റ് ബാങ്കിൽനിന്നും ഗസ്സ മുനമ്പിൽനിന്നും ഉള്ളവരാണിവർ. അധ്യാപകരുമായി കരാറിൽ ഏർപ്പെട്ടതായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം പ്രതിനിധി സംഘം അറിയിച്ചു. 531 അധ്യാപകരിൽ 211 സ്ത്രീകളും 320 പുരുഷന്മാരുമാണുള്ളതെന്ന് പൊതുവിദ്യാഭ്യാസ ആക്ടിങ് അസി. അണ്ടർ സെക്രട്ടറിയും പ്രതിനിധി സംഘത്തലവനുമായ ഒസാമ അൽ സുൽത്താൻ പറഞ്ഞു.
ഗണിതം, ഫിസിക്സ്, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവരാണിവർ. എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് അധ്യാപകരെ തിരഞ്ഞെടുത്തത്. അധ്യാപകരുമായുള്ള കരാർ നടപടിക്രമങ്ങളിൽ ഫലസ്തീൻ നേതൃത്വത്തിന്റെ പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു.
കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയ പ്രതിനിധി സംഘത്തിന്റെ ദൗത്യം സുഗമമാക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി ഫലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗിക വക്താവ് സാദിഖ് അൽ ഖുദൂർ പറഞ്ഞു.
ഫലസ്തീൻ-കുവൈത്ത് സ്കൂളുകൾ തമ്മിൽ വിദ്യാർഥി തലത്തിൽ ധാരണയിലെത്താനും മറ്റ് വിദ്യാഭ്യാസ മേഖലകളിൽ സഹകരണം വികസിപ്പിക്കാനും ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കുവൈത്ത് ഫലസ്തീൻ അധ്യാപകരുമായുള്ള കരാർ തുടരുന്നതിലൂടെ 1960കളിൽ ആരംഭിച്ച സഹകരണം പുനഃസ്ഥാപിക്കുകയാണെന്ന് സാദിഖ് അൽ ഖുദൂർ വിശദീകരിച്ചു. കുവൈത്തും ഫലസ്തീനും തമ്മിലുള്ള ശക്തവും ചരിത്രപരവുമായ ബന്ധത്തിന്റെ മറ്റൊരു സ്ഥിരീകരണമാണിതെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.