കുവൈത്ത് സിറ്റി: കുവൈത്തിന് വെള്ളിയാഴ്ച 61ാം ദേശീയ ദിനാഘോഷം. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ആഘോഷ പരിപാടികൾ അരങ്ങേറും. ബ്രിട്ടീഷ് സാമ്രാജ്യത്തിന് കീഴിൽനിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ 61ാം വാർഷികമാണ് ദേശീയ ദിനമായി കുവൈത്ത് കൊണ്ടാടുന്നത്.
കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷം ആഘോഷ പരിപാടികൾ ഉണ്ടായിരുന്നില്ല. ഇക്കുറി കോവിഡ് ആശങ്കൾ ഏറക്കുറെ ഒഴിഞ്ഞു രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന സമയത്താണ് ദേശീയദിനം. അതുകൊണ്ടുതന്നെ ആഴ്ചകളോളം നീളുന്ന പരിപാടികളാണ് സർക്കാർ തലത്തിലും അല്ലാതെയും ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. അറേബ്യൻ ഗൾഫ് സ്ട്രീറ്റ് , കുവൈത്ത് ടവർ പരിസരം, സൂഖ് മുബാറകിയ, ശൈഖ് ജാബിർ കൾചറൽ സെൻറർ, ശൈഖ് ജാബിർ കോസ്വേ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാന ആഘോഷം. 1961 ജൂൺ 19നാണ് കുവൈത്ത് ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയത്. അതിന് തൊട്ടടുത്ത മൂന്നുവർഷം ജൂൺ 19നായിരുന്നു കുവൈത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചിരുന്നത്.
എന്നാൽ, 1964ൽ ആഘോഷം ഫെബ്രുവരി 25ലേക്ക് മാറ്റുകയായിരുന്നു. രാജ്യത്തിന് സ്വാതന്ത്ര്യത്തിലേക്ക് വഴികാണിച്ച, ആധുനിക കുവൈത്തിന്റെ ശിൽപി എന്നറിയപ്പെടുന്ന, രാജ്യത്തിന്റെ 11ാമത് ഭരണാധികാരി അമീർ ശൈഖ് അബ്ദുല്ല അൽസാലിം അസ്സബാഹിന്റെ സ്ഥാനാരോഹണം നടന്ന 1950 ഫെബ്രുവരി 25ന്റെ സ്മരണയിൽ ആ ദിവസം ദേശീയ ദിനാഘോഷമായി നിശ്ചയിക്കുകയായിരുന്നു.
ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് എന്നിവർ രാജ്യനിവാസികൾക്ക് ആശംസ നേർന്നു. ഐക്യത്തോടെ നിലകൊള്ളണമെന്നും രാജ്യത്തിനായി ത്യാഗം ചെയ്തവരെ നന്ദിയോടെ ഓർക്കണമെന്നും അമീർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.