കുവൈത്ത് സിറ്റി: വെസ്റ്റ്ബാങ്കിലെ ജെനിൻ നഗരത്തിലെ ഫലസ്തീൻ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണത്തെ കുവൈത്ത് അപലപിച്ചു. ആക്രമണത്തിൽ നിരവധി ഫലസ്തീനികളുടെ മരണത്തിനും പരിക്കിനും ഇടയാക്കിയതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ സേന നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ കുവൈത്ത് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ഇസ്രായേൽ നടപടി അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും അന്താരാഷ്ട്ര കരാറുകളുടെയും ആസൂത്രിതവും നഗ്നവുമായ ലംഘനമാണെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തോടും യു.എൻ രക്ഷാസമിതിയോടും ഇടപെടാനും രാഷ്ട്രീയവും നിയമപരവും മാനുഷികവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും കുവൈത്ത് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമത്തിനനുസൃതമായി ഫലസ്തീൻ ജനതക്ക് സംരക്ഷണം നൽകാനും ആവശ്യപ്പെട്ടു.
തിങ്കളാഴ്ച പുലർച്ച ജെനിൻ അഭയാർഥി ക്യാമ്പ് വളഞ്ഞ് ഇസ്രായേൽ സൈന്യം വലിയതോതിലുള്ള ആക്രമണം അഴിച്ചുവിട്ടിരുന്നു. ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് എട്ടു ഫലസ്തീനികൾ കൊല്ലപ്പെടുകയും 100ഓളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഉണ്ടായി. നൂറുകണക്കിന് കുടുംബങ്ങളെ ക്യാമ്പിൽനിന്ന് പലായനം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു. സൈനികർക്കു പുറമെ ഡ്രോണുകളും ബുൾഡോസറുകളും കവചിതവാഹനങ്ങളും ഉപയോഗിച്ചായിരുന്നു ഇസ്രായേൽ ആക്രമണം.
14,000ത്തോളം ഫലസ്തീനികൾ കഴിയുന്ന വെസ്റ്റ്ബാങ്കിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പാണ് ജെനിൻ. രണ്ടു പതിറ്റാണ്ടിനിടെ ഇവിടത്തെ 100ലേറെ പേരെ ഇസ്രായേൽ സേന കൊലപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.