കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഗസ്സക്ക് സഹായവുമായി കുവൈത്തിൽ നിന്ന് 44ാമത് ദുരിതാശ്വാസ വിമാനം ഈജിപ്ഷ്യൻ നഗരമായ അൽ അരിഷിലെത്തി. 10 ടൺ ഭക്ഷ്യ വസ്തുക്കളും പാർപ്പിട ഇനങ്ങളുമായാണ് വിമാനം ഈജിപ്തിലെത്തിയത്.
വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ രാജ്യത്തെ റിലീഫ് സൊസൈറ്റികളുടെ സഹകരണത്തോടെയാണ് ഗസ്സയിലേക്ക് സഹായം അയക്കുന്നത്. അൽ അരിഷിലെത്തിച്ച സാധനങ്ങള്‍ അവിടെ നിന്ന് റഫ അതിർത്തി വഴി ഗസ്സയിലേക്ക് എത്തിക്കും. ഇസ്രായേൽ ആക്രമണം ആരംഭിച്ച ആദ്യ നാൾ മുതൽ ഗസ്സയിലേക്ക് സഹായം എത്തിക്കാൻ കുവൈത്ത് ശ്രമം ആരംഭിച്ചിട്ടുണ്ട്.
ഇതിനായി കുവൈത്ത് നേതൃത്വം ആഹ്വാനം ചെയ്തിരുന്നു. തുടർന്ന് എയർബ്രിഡ്ജ് ആരംഭിക്കുകയും ഇതിനകം 40ലേറെ വിമാനങ്ങളിലായി ടൺ കണക്കിന് ആശ്വാസ വസ്തുക്കൾ ഗസ്സയിലെത്തിക്കുകയും ചെയ്തു.
ഭക്ഷണം, മരുന്ന്, ആംബുലൻസുകൾ, ടെന്റുകൾ, വസ്ത്രങ്ങൾ, മണ്ണുമാന്തി യന്ത്രം തുടങ്ങിയവ സഹായങ്ങളിൽ ഉൾപ്പെടുന്നു. വിദേശകാര്യ, പ്രതിരോധ, ആരോഗ്യ മന്ത്രാലയങ്ങൾ, വ്യോമസേന, കുവൈത്ത് ആർമി എന്നിവയുടെ മേൽനോട്ടത്തിലും ഔദ്യോഗിക, സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയുമാണ് സഹായ കൈമാറ്റം ഏകോപിപ്പിക്കുന്നത്.
റെഡ് ക്രസന്റ് സൊസൈറ്റി, കുവൈത്ത് റിലീഫ് സൊസൈറ്റി, അൽ സലാം സൊസൈറ്റി ഫോർ ഹ്യുമാനിറ്റേറിയൻ വർക്സ് തുടങ്ങി വിവിധ സന്നദ്ധ സംഘടനകൾ ഇതിൽ പ്രധാന പങ്കുവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.