കുവൈത്ത് സിറ്റി: ആരോഗ്യ പരിപാലന രംഗത്തെ മുൻനിര രാജ്യങ്ങളിലൊന്നാണ് കുവൈത്തെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. മുൻതർ അൽഹസാവി. വികസിത മെഡിക്കൽ നേട്ടങ്ങൾ കാരണം ഇതിന് വലിയ ശ്രദ്ധ ലഭിക്കുന്നു. തൊണ്ണൂറുകളുടെ തുടക്കംമുതൽ കുവൈത്ത് ജനങ്ങൾക്കായി സമഗ്രമായ പരിചരണ സേവനങ്ങൾ നൽകുന്നുണ്ടെന്നും അഞ്ചാമത് കുവൈത്ത് പ്രാഥമികാരോഗ്യ സമ്മേളനത്തിൽ അൽഹസാവി പറഞ്ഞു.
എല്ലാവർക്കും സമഗ്രമായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ആരോഗ്യപരിപാലന മേഖല സ്ഥാപിക്കുന്നതിന് അടുത്തിടെ മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചതും അദ്ദേഹം സൂചിപ്പിച്ചു. ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽഅവാദിയുടെ സ്പോൺസർഷിപ്പിലാണ് കോൺഫറൻസ്.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ഡോക്ടർമാരും സ്പെഷലിസ്റ്റുകളും പങ്കെടുക്കുന്ന 33 ശാസ്ത്രപ്രഭാഷണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കോൺഫറൻസ് മേധാവിയും മന്ത്രാലയത്തിന്റെ പ്രാഥമിക ആരോഗ്യപരിപാലന വകുപ്പിന്റെ ഡയറക്ടറുമായ ഡോ. ദിന അൽ ദബൈബ് പറഞ്ഞു. നേരത്തേയുള്ള രോഗനിർണയം, ചികിത്സകൾ, പ്രതിരോധം എന്നിവയിൽ രാജ്യം ശ്രദ്ധയൂന്നുന്നു.
97 ക്രോണിക് ഡിസീസ് ക്ലിനിക്കുകൾ, 56 മാനസികാരോഗ്യ ക്ലിനിക്കുകൾ, 84 വെൽകിഡ് ക്ലിനിക്കുകൾ, 102 ഡയബറ്റിസ് ക്ലിനിക്കുകൾ, 49 ഓസ്റ്റിയോപൊറോസിസ് ക്ലിനിക്കുകൾ എന്നിവയുൾപ്പെടെ രാജ്യവ്യാപകമായി 115 ഹെൽത്ത് സെന്ററുകൾ ഉണ്ടെന്നും ഡോ. അൽ ദബൈബ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.