കുവൈത്ത് സിറ്റി: കുവൈത്ത് 55.5 ലക്ഷം ഡോസ് കോവിഡ് പ്രതിരോധമരുന്ന് ബുക്ക് ചെയ്തതായും രാജ്യത്ത് വിതരണം പൂർത്തിയാക്കാൻ ഇത് മതിയാവുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ 27 ലക്ഷം ആളുകൾക്ക് കുത്തിവെപ്പ് നൽകാനാണ് ലക്ഷ്യമിടുന്നത്. 48 ലക്ഷമാണ് കുവൈത്ത് ജനസംഖ്യ. അന്താരാഷ്ട്ര ആരോഗ്യ സംഘടനകളുടെ ശിപാർശപ്രകാരം 16 വയസ്സിനു താഴെയുള്ളവർ, ഗർഭിണികൾ, മുലയൂട്ടുന്ന സ്ത്രീകൾ, ഹൈപ്പർ സെൻസിറ്റിവിറ്റി ഉള്ളവർ എന്നിവർക്ക് വാക്സിൻ നൽകുന്നില്ല.ബാക്കി 27 ലക്ഷം പേരേ ഉണ്ടാവുകയുള്ളൂ എന്നാണ് അധികൃതരുടെ വിലയിരുത്തൽ.
രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും എണ്ണം കണക്കാക്കിയാണ് വാക്സിനേഷൻ പദ്ധതി തയാറാക്കിയിട്ടുള്ളത്. റിസർവ് ചെയ്തെങ്കിലും ആവശ്യത്തിന് വാക്സിൻ ലഭിക്കുന്നതിനുള്ള കാലതാമസമാണ് കുത്തിവെപ്പ് ദൗത്യം വേഗത്തിലാകുന്നതിന് തടസ്സം. അന്താരാഷ്ട്ര ഏജൻസികളുടെ പൊതുവായ അംഗീകാരമുള്ള വാക്സിൻ മാത്രമേ കുവൈത്ത് സ്വീകരിക്കുന്നുള്ളൂ. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ കുറഞ്ഞ നിരക്ക് വരാനുള്ള കാരണമിതാണ്. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചും കൃത്യമായ ആസൂത്രണത്തോടെയുമാണ് രാജ്യത്ത് കുത്തിവെപ്പ് ദൗത്യം നടക്കുന്നത്. കുത്തിവെപ്പ് എടുത്തവർക്ക് തുടർദിവസങ്ങളിൽ പ്രത്യേക പരിചരണം ആവശ്യമില്ല.
കുത്തിവെപ്പെടുത്ത ആർക്കും ഇതുവരെ പാർശ്വഫലം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിശ്ചിത മാനദണ്ഡത്തിനുള്ളിലെ മുഴുവൻ രാജ്യനിവാസികൾക്കും വാക്സിൻ നൽകാൻ ഒരു വർഷത്തെ ദൗത്യമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങാത്തത് വാക്സിൻ ലഭിക്കുന്നതിലെ കാലതാമസം കാരണമാണ്. മിഷ്രിഫ് ഇൻറർനാഷനൽ എക്സിബിഷൻ സെൻററിലെ അഞ്ച്, ആറ് ഹാളുകളിലാണ് ഇപ്പോൾ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.